ഇപ്പോള്‍തന്നെ സാമ്പത്തികമാന്ദ്യത്തില്‍ വട്ടംതിരിയുന്ന കുടുംബങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയാകുന്ന വാര്‍ത്തയെത്തി. അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഓരോ കുടുംബങ്ങളുടേയും കടം ഏതാണ്ട് 84,000 പൗണ്ടായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
ക്രെഡിറ്റ് കാര്‍ഡിനും മോര്‍ട്ട്ഗേജിനും ആളുകള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 2015 ആകുമ്പോഴേക്കും മോര്ട്ട്ഗേജിലൂടേയും ക്രെഡിറ്റ് കാര്ഡിലൂടെയുമുള്ള കടം 2,126 ബില്യണ്‍ പൗണ്ടായി ഉയരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.സാമ്പത്തിക ഞെരുക്കത്തിലായ പല കുടുംബങ്ങളും മോര്‍ട്ട്ഗേജ് അടയ്ക്കുന്നതും നിത്യചെലവിനുള്ള സാധനങ്ങള്‍ വാങ്ങുന്നതും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ്.തികച്ചും അപകടകരമായ പ്രവണതയായാണ് ഇതിനെ വിദഗ്ദര്‍ കാണുന്നത്. സര്‍ക്കാറിന്റെ ബജറ്റ് ചെലവുകളുടെ നിയന്ത്രകരായ അതോറിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്.
ബ്രിട്ടനിലെ കടത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിലവില്‍ രാജ്യത്തെ ആകെ കുടുംബങ്ങളുടെ കടബാധ്യത 1628 ബില്യണ്‍ പൗണ്ടാണ്. സര്‍ക്കാര്‍ നടപ്പാക്കുന്ന ചില നയങ്ങള്‍ തന്നെയായിരിക്കും കടനിരക്ക് ഉയരുന്നതിന് മുഖ്യകാരണമെന്നും പ്രവചിക്കപ്പെടുന്നുണ്ട്. 2015 ആകുമ്പോഴേക്കും കടബാധ്യത 1823 ബില്യണ്‍ പൗണ്ട് ആകുമെന്നായിരുന്നു നേരത്തേയുള്ള വിലയിരുത്തല്‍.
ഈമാസാരംഭത്തില് പൊതുചിലവ് കുറച്ചും നികുതി നിരക്ക് കൂട്ടിയുമുള്ള നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഉയരുന്ന ജീവിതചിലവുകള്‍ നേരിടുന്നതിന് കടംവാങ്ങുകയല്ലാതെ നിവൃത്തിയില്ലെന്ന സ്ഥിതിയിലാണ് ജനങ്ങള്‍. ജനങ്ങള്‍ക്ക് തങ്ങളുടെ ചിലവുകള്‍ പൂര്‍ത്തിയാക്കാനായി ഇനിയും കടംവാങ്ങേണ്ട ഗതികേടാണ് ഉള്ളതെന്ന് ലേബര്‍ ട്രഷറി വക്താവ് ഡേവിഡ് ഹന്സൂണ് വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല