1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2011

ഡോക്ടര്‍മാര്‍ക്ക് തുടര്‍ച്ചയായ അവധിക്ക് സൗകര്യമൊരുക്കാന്‍ വേണ്ടി ഗര്‍ഭിണികളെ കൂട്ടത്തോടെ പ്രസവ ശസ്ത്രക്രിയ നടത്തിയതായി ആക്ഷേപം. ചേര്‍ത്തല ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലാണ് രണ്ടു ദിവസങ്ങളിലായി 29 ഗര്‍ഭിണികള്‍ക്കു ശസ്ത്രക്രിയ നടത്തി ‘റെക്കോര്‍ഡ് ഇട്ടത്. മാരത്തണ്‍ ശസ്ത്രക്രിയ നടത്തി ക്ഷീണിതരായ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച മുതല്‍ അവധിയിലും പ്രവേശിച്ചു.

ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ കൂടിയായ ആശുപത്രി സൂപ്രണ്ട് മാത്രമേ ഇനി അടുത്ത ദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടാകൂ. സംഭവം ശ്രദ്ധയില്‍പ്പെട്ട സൂപ്രണ്ട് പ്രസവ ശസ്ത്രക്രിയ നടത്തുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി അടിയന്തര സര്‍ക്കുലറുമിറക്കി. കട്ടിലുകളെല്ലാം നിറഞ്ഞതോടെ കൂട്ട സിസേറിയന് വിധേയരായ അമ്മമാര്‍ നവജാതശിശുക്കളുമൊത്തു പ്രസവവാര്‍ഡിലെ തറയിലാണു കിടക്കുന്നത്. അടുത്ത ഞായറാഴ്ച വരെ പ്രസവത്തിന് സാധ്യതയുള്ള ഗര്‍ഭിണികളെയാണ് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയരാക്കിയതെന്നാണ് ആക്ഷേപം.

വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള തുടര്‍ച്ചയായ അവധിക്കിടെ ‘ഗര്‍ഭിണികളുടെ ശല്യം ഉണ്ടാവാതിരിക്കുവാനുള്ള മുന്‍കരുതലായാണ് വയറുകീറിയതത്രേ. പ്രസവ ശസ്ത്രക്രിയകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനേത്തുടര്‍ന്ന് രണ്ടുതവണ ആരോഗ്യവകുപ്പ് ആശുപത്രിയില്‍ അന്വേഷണം നടത്തിയിരുന്നു. പ്രസവ ശസ്ത്രക്രിയ്ക്കിടെ ഓപ്പറേഷന്‍ തിയറ്ററില്‍ വനിതാ ഡോക്ടര്‍മാര്‍ ഏറ്റുമുട്ടിയ സംഭവം നടന്നത് ഒരു മാസം മുന്‍പ് ഇതേ ആശുപത്രിയില്‍ ആയിരുന്നു.

ഗര്‍ഭിണികളെ കൂട്ടശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി 22 ശസ്ത്രക്രിയകള്‍ നടത്തിയ സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. കുമാരി ജി. പ്രേമം ആസ്പത്രിയില്‍ നേരിട്ടെത്തി തെളിവുകള്‍ ശേഖരിച്ചശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.