1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 25, 2010


കൊച്ചി: എമിറേറ്റ്‌സിന്റെ ഇന്ത്യയില്‍ നിന്നുള്ള ചരക്ക് കടത്തില്‍ 2010 ജനവരി മുതല്‍ നവംബര്‍വരെയുള്ള കാലത്ത് 30 ശതമാനം വര്‍ധന കൈവരിച്ചതായി സീനിയര്‍ വൈസ് പ്രസിഡന്റ് പ്രദീപക് കുമാര്‍, കാര്‍ഗോ മാനേജര്‍ (കേരള) വി.എം. ദിനേശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് ഇക്കാലത്ത് മൊത്തം 87,706 ടണ്‍ ചരക്കാണ് വിദേശത്തേക്ക് കൊണ്ടുപോയത്‌.
കേരളത്തില്‍ നിന്ന് പ്രതിദിനം 37 സര്‍വീസുകളാണ് കമ്പനി നടത്തുന്നത്. ഇതില്‍ 11 എണ്ണം കോഴിക്കോട്ടുനിന്നും 12 എണ്ണം തിരുവനന്തപുരത്തുനിന്നും 14 എണ്ണം കൊച്ചിയില്‍നിന്നുമാണ്. കൊച്ചിയില്‍ നിന്ന് പ്രതിവാരം 150 ടണ്ണും തിരുവനന്തപുരത്തുനിന്ന് 170 ടണ്ണും കോഴിക്കോട്ടുനിന്ന് 100 ടണ്ണും ചരക്ക് വഹിക്കുന്നതായി അവര്‍ പറഞ്ഞു. യാത്രാവിമാനങ്ങളില്‍ത്തന്നെയാണ് ഇവ കൊണ്ടുപോകുന്നത്.
കേരളത്തില്‍ നിന്ന് വസ്ത്രങ്ങള്‍, കാസ്റ്റിങ്‌സ്, സുന്ധവ്യഞ്ജനങ്ങള്‍, തേയില, കൈത്തറി, പച്ചക്കറികള്‍, സമുദ്രോല്പന്നങ്ങള്‍ എന്നിവയാണ് പ്രധാനമായും കൊണ്ടുപോകുന്നത്. ഇതിനുപുറമെ കൊറിയറും കൈകാര്യം ചെയ്യുന്നുണ്ട്.
ഇന്ത്യയിലേക്ക് എമിറേറ്റ്‌സ് 184 സര്‍വീസുകളാണ് ആഴ്ചയില്‍ നടത്തുന്നത്. ഇതില്‍ യാത്രക്കാര്‍ക്കു പുറമെ 3069 ടണ്‍ ചരക്കും വഹിക്കാന്‍ ശേഷിയുണ്ട്. വിദേശ ഇന്ത്യക്കാര്‍ അവധിക്ക് വരുമ്പോള്‍ അവരുടെ അധിക ചരക്കുകള്‍ നാട്ടിലെത്തിക്കുന്നതില്‍ എമിറേറ്റ്‌സ് വലിയ പങ്കുവഹിക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. ദുബായില്‍ നിന്ന് ചെന്നൈയിലേക്ക് ആഴ്ചതോറും ഒരു ചരക്ക് വിമാനം സര്‍വീസ് നടത്തുന്നുണ്ട്. യൂറോപ്പില്‍നിന്നും അമേരിക്കയില്‍ നിന്നുമുള്ള ഉല്പന്നങ്ങളുമായാണ് ഈ വിമാനമെത്തുന്നത്. ചെന്നൈയിലെ വാഹനക്കമ്പനികള്‍ ഈ സര്‍വീസിലൂടെ ഒട്ടേറെ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള ചരക്ക് കടത്ത് ശേഷിയുടെ 83 ശതമാനം കഴിഞ്ഞവര്‍ഷം എമിറേറ്റ്‌സ് പ്രയോജനപ്പെടുത്തുകയുണ്ടായി.അടുത്ത ജൂണ്‍ മുതല്‍ കമ്പനി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലേക്കും ഇറാഖിലെ ബസ്രയിലേക്കും സര്‍വീസ് തുടങ്ങും. കേരളത്തില്‍ നിന്ന് ദുബായിലെത്തുന്ന യാത്രക്കാര്‍ക്കും ഇത് പ്രയോജനപ്പെടുത്താനാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.