1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2011


അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കു കുടപിടിച്ച് കൊണ്ട് അറബ് മേഖലയില്‍ ആഭ്യന്തര കലാപങ്ങള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായം നല്‍കുന്നതിന്റെ തിക്ത ഫലങ്ങള്‍ ബ്രിട്ടന്‍ അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു.ബ്രിട്ടനില്‍ അഭയാര്‍ഥികളാവാന്‍ വേണ്ടി നിരവധി അറബ് കുടിയേറ്റക്കാര്‍ തയ്യാറായി നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് അറബ് കുടിയേറ്റക്കാരാണ് അതിര്‍ത്തി കടന്ന് യു.കെയില്‍ പ്രവേശിക്കാനായി പാരിസിലെ ക്യാമ്പില്‍ കാത്തുകിടക്കുന്നത്.

ഏതാണ്ട് ആയിരത്തിലധികം വരുന്ന ആഫ്രിക്കക്കാര്‍ ചാനല്‍ കടക്കാനായി പാരിസിലെത്തിയിട്ടുണ്ട്. അതിനിടെ കുടിയേറ്റക്കാരുടെ ഈ തള്ളിച്ച വന്‍ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ ആയിരക്കണക്കിന് ആളുകള്‍ ഫ്രാന്‍സിലേക്ക് കടക്കാനായി ശ്രമിച്ചപ്പോഴും ഇതുപോലെയുള്ള അവസ്ഥയുണ്ടായിരുന്നു. യു.കെയിലെത്തിക്കുന്നതിനുള്ള തുകയായി ഏതാണ്ട് 1000 പൗണ്ടുവരെ ഇത്തരക്കാര്‍ കള്ളക്കടത്തുകാര്‍ക്ക് നല്‍കുന്നുണ്ട്.

എന്നാല്‍ ബ്രിട്ടനിലെത്തിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ നല്‍കുന്ന ആനൂകുല്യങ്ങള്‍ ലഭിക്കാമെന്ന പ്രതീക്ഷയാണ് ഇത്രയും വലിയ തുക ചിലവാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. നേരത്തേ ബ്രിട്ടിഷ് സര്‍ക്കാര്‍ ലിബിയയിലെയും ടുണിഷ്യയിലേയും പ്രക്ഷോഭങ്ങളെ പിന്തുണച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ രാഷ്ട്രങ്ങളില്‍ നിന്നും ബ്രിട്ടനിലെത്തുന്നവരെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് കുടിയേറ്റക്കാര്‍ പ്രതീക്ഷിക്കുന്നത്. ബ്രിട്ടന്‍ ഒരു സ്വര്‍ഗ്ഗമാണെന്നും തനിക്കു മുമ്പേ അവിടെയെത്തിയ കൂട്ടുകാര്‍ ബ്രിട്ടനിലെ ആനുകൂല്യങ്ങളെക്കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ടുണിഷ്യക്കാരനായ അലി പറഞ്ഞു.

ബ്രിട്ടിഷുകാര്‍ തങ്ങളുടെ രാജ്യത്തു നടന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ തങ്ങളെ അവഗണിക്കില്ലെന്നാണ് പ്രതീക്ഷയെന്നും അലി വ്യക്തമാക്കി. ഫ്രാന്‍സില്‍ തങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്നും എന്നാല്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആനൂകുല്യങ്ങള്‍ തങ്ങളെ പണക്കാരാക്കുമെന്നാണ് പ്രതീക്ഷയെന്നും ടുണീഷ്യയില്‍ നിന്നുതന്നെയുള്ള നൈറിദ്ദീന്‍ ബസുമോട്ട പറഞ്ഞു. പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ടുണിഷ്യയില്‍ നിന്നും മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും ആയിരങ്ങളാണ് ബ്രിട്ടനിലെത്താനായി കാത്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.