ലോകം കാത്തിരിക്കുന്ന രാജകീയ വിവാഹത്തിന്റെ ഭാഗമാവാനുള്ള അസുലഭ ഭാഗ്യം ഒരു ഇന്ത്യക്കാരനും വീണുകിട്ടിയിരിക്കുന്നു വിവാഹത്തിന് മധുരം പകരുന്നതിനുള്ള ദൗത്യമാണ് ഒരു ഇന്ത്യന്‍ കുടുംബത്തിന് വന്നുചേര്‍ന്നിരിക്കുന്നത്. വിവാഹദിനത്തില്‍ വധൂവരന്മാര് ചേര്‍ന്ന് മുറിക്കുന്ന കേക്ക് തയ്യാറാക്കുന്നതിനുള്ള അവസരം ലഭിച്ചിരിക്കുന്നത് ബറോഡയില്‍ നിന്നും ബ്രിട്ടനില്‍ കുടിയേറിയ കിഷോര്‍ പട്ടേലിനാണ്. കിഷോര്‍ എന്ന അമ്പത്തിയേഴുകാരന്റെയും ബ്രിട്ടീഷുകാരിയായ ഭാര്യ ഫിയോണയുടെയും ഉടമസ്ഥതയിലുള്ള ഫിയോണ കെയ്ന്‍സ് ലിമിറ്റഡ് എന്ന ബേക്കറിക്കാണ് കേക്ക് നിര്‍മാണത്തിന്റെ ചുമതല.
ആഡംബര കേക്ക് നിര്‍മാണത്തില്‍ പ്രശസ്തരായ ഫിയോണ കെയ്ന്‍സ് ലിമിറ്റഡില്‍ വില്യമും കേറ്റും നേരിട്ടാണ് കേക്കിന് ഓര്‍ഡര്‍ കൊടുത്തത്. പല തട്ടുകളിലുള്ള, പൂക്കളാല്‍ അലങ്കൃതമായ കേക്കാണ് ഉണ്ടാക്കുക എന്നുമാത്രമാണ് കേക്ക് നിര്‍മാണ വിദഗ്ധയായ ഫിയോണ പുറത്തുവിട്ടിരിക്കുന്ന വിവരം. ഇംഗ്ലീഷ് റോസ്, സ്കോട്ടിഷ് തിസ്ല്, വെല്‍ഷ് ഡാഫഡില്‍, ഐറിഷ് ഷംറോക്ക് എന്നീ പൂക്കള്‍ കേക്കിലുണ്ടാകുമെന്നാണ് വിവരം. വില്യമിന്റെയും കേറ്റിന്റെയും പുതിയ ഇനിഷ്യലുകളും അതില്‍ ആലേഖനം ചെയ്തിരിക്കും.
ഒരു വര്‍ഷം 75 ലക്ഷം കേക്കാണ് ലീസസ്റ്ററിലുള്ള ഫിയോണ കെയ്ന്‍സ് ലിമിറ്റഡ് ഉണ്ടാക്കിക്കൊടുക്കുന്നത്. കൈകൊണ്ട് ഉണ്ടാക്കുന്ന കേക്ക് എന്നതാണ് ഇവയുടെ പ്രത്യേകത. അമ്പത്തിയഞ്ചുകാരിയായ ഫിയോണ 25 വര്‍ഷം മുമ്പ് ഹോബിയായി തുടങ്ങിയ കേക്ക് നിര്‍മാണമാണ് വന്‍ ബിസിനസ്സായി മാറിയത്.
ഇപ്പോള്‍ തൊണ്ണൂറ് പേര് തങ്ങളുടെ കമ്പനിയില്‍ ജോലിക്കാരായുണ്ടെന്ന് കിഷോര്‍ പട്ടേല്‍ പറയുന്നു. ഫിയോണയ്ക്കും മക്കളായ ഹരി കിഷോറിനും താരയ്ക്കുമൊപ്പം എല്ലാ വര്‍ഷവും ഇന്ത്യ സന്ദര്‍ശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല