1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2011

റോം: കാലം ചെയ്ത പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പയെ വാഴ്ത്തപ്പെട്ടവനാക്കുന്ന ചടങ്ങിന് മുന്നോടിയായി അദ്ദേഹത്തിന്റെ ശവകുടീരം ഉദ്ഖനനം ചെയ്തു. വിശുദ്ധ പത്രോസിന്റെ ബാസിലികയിലെ നിലവറയില്‍ നിന്നും അദ്ദേഹത്തിന്റെ ശവശരീരം പുറത്തെടുത്തു. പോപ്പിന്റെ പേഴ്‌സണല്‍ സെക്രട്ടറിയും വലം കൈയുമായിരുന്ന കാര്‍ഡിനല്‍ സ്‌റ്റൈന്‍സ് ലോ ഡ്വിവിസ് ഉള്‍പ്പെടെയുള്ള അനുയായികള്‍ പ്രാര്‍ത്ഥനയോടെ ചടങ്ങില്‍ പങ്കെടുത്തു.

ഞാറാഴ്ച നടക്കുന്ന വിശുദ്ധ പ്രഖ്യാപന ചടങ്ങുകള്‍ കഴിയുന്നതുവരെ ശവകുടീരം തുറന്നുകിടക്കും. ഈ സമയത്ത് ലക്ഷക്കണക്കിന് വിശ്വസികള്‍ക്ക് കല്ലറ കാണാന്‍ സൗകര്യമൊരുക്കും. പിന്നീട് ഈ ശവശരീരം മൈക്കലാഞ്ചലോയുടെ വിശ്വോത്തര പ്രതിമയായ പിയാത്തോക്കരികിലുള്ള ചെറിയ പള്ളിയുടെ അള്‍ത്താരയ്ക്കടിയിലെ പുതിയ നിലവറിയിലേക്ക് മാറ്റും. ആദ്യ നിലവറയിലെ മാര്‍ബിള്‍ സ്ലാബുകള്‍ പോളണ്ടിലേക്ക് കൊണ്ടുപോകും.

മെയ് 1ന് നടക്കുന്ന വിശുദ്ധ പ്രഖ്യാപന ആഘോഷങ്ങളുടെ ഭാഗമായി റോമില്‍ മുഴുവനും ജോണ്‍ പോളിന്റെ വലിയ പോസ്റ്ററുകള്‍ കാണാം. അദ്ദേഹം 27 വര്‍ഷം ബിഷപ്പായി സേവനമനുഷ്ഠിച്ച നഗരത്തില്‍ 2005ലെ അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തിനുശേഷമുള്ള ഏറ്റവും വലിയ ചടങ്ങാണ് നടക്കുന്നത്. ചടങ്ങുകള്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് കാണാന്‍ അവസരം ഒരുക്കുന്നതിനായി വിയ ഡെല്ല കോണ്‍സിലിയാസിയോണില്‍ വലിയ ടെലിവിഷന്‍ ടവറുകള്‍ നിര്‍മ്മിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ ജന്മ നാടായ പോളണ്ടില്‍ നിന്നും ബസുകളിലും ട്രെയിനിലുമായി ആയിരക്കണക്കിന് വിശ്വാസികള്‍ ചടങ്ങിന് സാക്ഷികളാവാനെത്തും. സിംബാബ്‌വെന്‍ ഏകാധിപതി റോബേര്‍ട്ട് മുഗാബെയാണ് ചടങ്ങിനെത്തുന്ന പ്രധാന വി.ഐ.പി.

തൊഴിലാളികളുമായി മാര്‍പ്പാപ്പയ്ക്ക് ഉണ്ടായിരുന്ന അടുപ്പം പരിഗണിച്ചാണ് തൊഴിലാളി ദിനമായി മെയ് 1ന് തന്നെ ചടങ്ങ് സംഘടിപ്പിക്കുന്നതെന്നാണ് അറിയുന്നത്. തങ്ങളെ സംബന്ധിച്ച് മാര്‍പ്പാപ്പ ഏപ്പോഴോ വാഴ്ത്തപ്പെട്ടവനായെന്നും ഇത് വെറും ചടങ്ങ് മാത്രമാണെന്നുമാണ് റോമിലെത്തിയിരിക്കുന്ന ഓരോ വിശ്വാസികളും പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.