വാഷിങ്ടണ്‍: അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. ലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. രാജ്യചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലുതും കഴിഞ്ഞ 80വര്‍ഷത്തിനുള്ളിലെ ഏറ്റവും വലുതുമായ കൊടുങ്കാറ്റാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.
ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം വിതച്ച അലബാമയില്‍ മാത്രം 300 പേര് കൊല്ലപ്പെട്ടതായാണ് കണക്ക്. ഈ മേഖലയില്‍ വീടുകള്‍ തകരുകയും കാറുകളും മറ്റും തകരുകയും ചെയ്തിട്ടുണ്ട്. മരങ്ങളും വൈദ്യുതിപോസ്റ്റുകളും നിലം പതിച്ചതോടെ വൈദ്യുതി വിതരണവും തകരാറിലായി. അമേരിക്കയിലെ രണ്ടാമത്തെ വലിയ ആണവനിലയം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. മുന്‍കരുതലായി ഈ ആണവനിലയം അടച്ചിട്ടിട്ടുണ്ട്.
ഈ മേഖലയില്‍ വന്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി 160ഓളം ചുഴലിക്കാറ്റുകള്‍ റിപ്പോര്‍ട്ടു ചെയെ്തങ്കിലും ബുധനാഴ്ചയാണ് ദക്ഷിണ മേഖലയിലെ ടെന്നസ്സി, മിസ്സിസിപ്പി, വെര്‍ജീനിയ തുടങ്ങി ഏഴു സ്റ്റേറ്റുകളില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയത്. മിസിസിപ്പിയില്‍ 34 പേരും അര്‍ക്കന്‍സാസില്‍ 14 പേരും ടെന്നിസിയില്‍ 34 പേരും ജോര്‍ജിയയില്‍ 15 പേരും വിര്‍ജീനിയയില്‍ 10 പേരും ലൂസിയാനയിലും മിസൗരിയിലും രണ്ടു പേര് വീതവും കെന്റക്കിയില്‍ ഒരാളും മരിച്ചു.
അമേരിക്കയുടെ ദക്ഷിണ മേഖലയില്‍ ചുഴലിക്കാറ്റു പതിവാണെങ്കിലും അവ നാശനഷ്ടങ്ങളുണ്ടാക്കാറില്ല.. 1800 പേര് കൊല്ലപ്പെട്ട 2005ലെ കത്രീന ചുഴലിക്കാറ്റിനു ശേഷം ഏറ്റവും നാശം വിതച്ച ദുരന്തമാണ് ഇതെന്നാണ് വിലയിരുത്തുന്നത്. ഇതിനുമുമ്പ് 1932ലും 1925ലുമാണ് രാജ്യത്ത് അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് വീശിയിട്ടുള്ളത്. 1932 മാര്‍ച്ച് 21നു വീശിയടിച്ച കൊടുങ്കാറ്റില്‍ 332 പേര് മരിച്ചിരുന്നു. 1925 മാര്‍ച്ചിലുണ്ടായ കൊടുങ്കാറ്റില്‍ 747 പേരാണു മരിച്ചത്.
അലബാമയിലെ ദുരന്തബാധിതമേഖലകള്‍ പ്രസിഡന്റ് ബറാക് ഒബാമ വെള്ളിയാഴ്ച സന്ദര്‍ശിച്ചു. ഇതുപോലൊരു നാശനഷ്ടം നേരില്‍ കണ്ടിട്ടില്ലെന്നാണ് ഒബാമ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല