വേള്‍ഡ് ഡാന്‍സ് ഒളിമ്പ്യാഡില്‍ ബ്രിട്ടനെ പ്രതിനിധീകരിച്ച് ഒന്നാം സമ്മാനം നേടിയ ടോണി ഡെന്നിസ് വഞ്ചിത്താനം യു കെ മലയാളികള്‍ക്ക് അഭിമാനമായി.മോസ്കോയിലെ സോകോള്നികി കള്‍ച്ചറല്‍ ആന്‍ഡ് എക്സിബിഷന് സെന്ററിലെ നൃത്തവേദിയില്‍ രണ്ടര ലക്ഷത്തോളം പേരെ സാക്ഷിനിര്‍ത്തി നൃത്ത രംഗത്തെ ഒളിമ്പിക്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന വേള്‍ഡ് ഡാന്‍സ് ഒളിമ്പ്യാഡിന്റെ ബോളിവുഡ് ഡാന്‍സ് കോമ്പറ്റീഷനിലാണ് ബ്രിട്ടന്റെ പ്രതിനിധിയായി പങ്കെടുത്ത് മലയാളിയായ ടോണി ഒന്നാമതെത്തിയത്.ആറ് ഉപഭൂഖണ്ഡങ്ങളില്നിന്നായി 90 രാജ്യങ്ങളെ പ്രതിനീധീകരിച്ച് എത്തിയ മത്സരാര്‍ഥികളെ മറികടന്നാണ് ഈ മിടുക്കന് സുവര്‍ണ്ണനേട്ടം കൊയ്തത്.
ഇന്റര്‍നാഷണല്‍ ഡാന്‍സ് ഓര്‍ഗനൈസേഷനായിരുന്നു ഒളിമ്പ്യാഡിന്റെ സംഘാടകര്‍. ഡാന്‍സില്‍ ലോക ചാമ്പ്യന്‍ഷിപ്പ് അടക്കമുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കാനും സമ്മാനങ്ങള്‍ നല്‍കാനും അനുമതിയുളള ഏക രാജ്യാന്തര സംഘടനയാണിത്.
മൂന്നു ബോളിവുഡ് നമ്പരുകള്‍ ചേര്‍ത്ത ഫ്യൂഷനാണ് ടോണി അവതരിപ്പിച്ചത്. ബോളിവുഡ് സീനിയേഴ്സ് സോളോ (16-30 വയസ്) വിഭാഗത്തിലായിരുന്നു ടോണിയുടെ മത്സരം. മാതാപിതാക്കളെ സാക്ഷി നിര്‍ത്തിയാണ് ടോണി വിജയം വരിച്ചത്. സ്വര്‍ണ മെഡലും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് സമ്മാനം. വേള്‍ഡ് ഡാന്‍സ് ഒളിമ്പ്യാഡില്‍ മാറ്റുരയ്ക്കുന്നതിനായി ബ്രിട്ടണ് സംഘത്തോടൊപ്പം മലയാളിയായ ടോണി ഡെന്നിസ് വഞ്ചിത്താനത്ത് 28നാണ് മോസ്കോയിലെത്തിയത്.
ലെസ്റ്റര്‍ ഇംഗ്ലീഷ് മാര്‍ട്ടയേഴ്സ് സ്കൂളില്‍ ജിസിഎസ്സി വിദ്യാര്‍ഥിയാണ്. കഴിഞ്ഞ നാലു വര്‍ഷം തുടര്‍ച്ചയായി ഓള് യൂറോപ്പ് ഏഷ്യാനെറ്റ് ടാലന്റ് കോണ്ടസ്റ്റില് സിനിമാറ്റിക് ഡാന്‍സ് കേമ്പറ്റീഷനുകളില് പങ്കെടുത്ത് വിജയം കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷം സീനിയര്‍ സിങ്കിള്‍ ഡാന്‍സ് കോമ്പറ്റീഷനില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.യുകെയിലുള്ള ഇന്റര്‍നാഷണല്‍ ഡാന്‍സ് ഓര്‍ഗനൈസേഷനാണ് വേള്‍ഡ് ഡാന്‍സ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ ടോണിയെ തിരഞ്ഞെടുത്തത്.ലെസ്റ്ററില്‍ താമസിക്കുന്ന ഉഴവൂര്‍ വഞ്ചിന്താനത്ത് ഡെന്നീസ് അനിത ദമ്പതിമാരുടെ മൂന്ന് മക്കളില്‍ രണ്ടാമനാണ് ടോണി .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല