കടുത്ത സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് പൂട്ടാന്‍ തയ്യാറായിരിക്കുന്ന യൂണിവേഴ്‌സിറ്റിയില്‍ തുടര്‍പഠനത്തിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായി. നിലവിലെ പ്രശ്‌നങ്ങളൊന്നും അറിയാതെ അപേക്ഷിച്ചവരാണ് ത്രിശങ്കുവിലായിരിക്കുന്നത്.
സാമ്പത്തികനഷ്ടം നേരിടുന്ന യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റ് ഉന്നതവിദ്യാഭ്യാസ ഫണ്ടിംഗ് കൗണ്‍സില്‍ ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പട്ടികയില്‍ ഏതെല്ലാം യൂണിവേഴ്‌സിറ്റികള്‍ വരുന്നുണ്ട് എന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കോ മാതാപിതാക്കള്‍ക്കോ ഒരുപിടിയുമില്ല. ഇതാണ് പ്രശ്‌നമായിരിക്കുന്നത്. അതിനിടെ വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് ഈ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പല യൂണിവേഴ്‌സിറ്റികളും ട്യൂഷന്‍ ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന ഫീസായി 9000 പൗണ്ടാണ് ഈടാക്കുന്നത്. അതിനിടെ ലിസ്റ്റില്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇവിടെയുള്ള മൂന്നില്‍ രണ്ട് കോഴ്‌സുകളും വെട്ടിച്ചുരുക്കിയിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇവിടെ അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി മാറുകയോ കോഴ്‌സ് മാറുകയോ ചെയ്യേണ്ടുവരുമെന്ന് അവസ്ഥയാണ്.
അടച്ചുപൂട്ടല്‍ ഭീഷണിയിലുള്ള മറ്റ് ആറ് യൂണിവേഴ്‌സിറ്റികളും ഇതേ സ്ഥിതിയിലാണ്. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ലണ്ടന്‍, തേംസ് വാലി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കൊളംബിയ, യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലോസസ്റ്റ്‌ഷെയര്‍ എന്നിവയാണ് പട്ടികയിലുള്ള മറ്റ് യൂണിവേഴ്‌സിറ്റികള്‍ എന്നാണ് സൂചന. കോഴ്‌സുകളെക്കുറിച്ചും അടച്ചുപൂട്ടാന്‍ പോകുന്ന യൂണിവേഴ്‌സിറ്റികളെക്കുറിച്ചും വിദ്യാര്‍ത്ഥികളെ അറിയിക്കേണ്ടതുണ്ടെന്ന് കോളേജ് അസോസിയേഷനുകളുടെ ചീഫ് എക്‌സിക്യൂട്ടിവ് മാര്‍ട്ടിന്‍ ഡിയോള്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല