പണത്തിനോടുള്ള ആര്‍ത്തി യു കെ മലയാളിക്ക് ഇനിയും അവസാനിക്കുന്നില്ല .മാസം ആയിരം രൂപ മുതല്‍ കഷ്ട്ടിച്ച് അയ്യായിരം രൂപ വരെ നാട്ടില്‍ ശമ്പളം വാങ്ങിക്കൊണ്ടിരുന്നവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് ലക്ഷം രൂപയ്ക്ക് മുകളിലാണ്.രാത്രിയും പകലും ഭാര്യയും ഭര്‍ത്താവും മാറി മാറി ജോലി ചെയ്തു നാലു ലക്ഷം രൂപയില്‍ കൂടുതല്‍ പ്രതിമാസം സമ്പാദിക്കുന്ന നിരവധി മലയാളി കുടുംബങ്ങള്‍ ഇവിടെയുണ്ട്.പഠിച്ചിരുന്ന കാലത്ത് സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത സൌഭാഗ്യങ്ങള്‍ ആണ് നമ്മള് ഇപ്പോള്‍ അനുഭവിക്കുന്നത്.നഴ്സിംഗ് എന്ന പ്രൊഫഷന് ഈ നാട്ടില്‍ ലഭിക്കുന്ന അംഗീകാരമാണ് ഇതിനെല്ലാം കാരണം.
ഇത്രയൊക്കെ പണം ഉണ്ടാക്കിയിട്ടും,സൌകര്യങ്ങള്‍ ഉണ്ടായിട്ടും കാശിനോടുള്ള ആക്രാന്തം മലയാളിക്ക് തീര്‍ന്നിട്ടില്ല.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബ്രിട്ടനിലെ മധ്യ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ഈ വാര്‍ത്ത. യു കെയില്‍ വന്നിട്ടും ഇപ്രകാരം ചെയ്തത് എന്തിനാണെന്ന് നമ്മില്‍ പലരും ചോദിച്ചു പോകുന്ന ഈ സംഭവം നടന്നത് പ്രശസ്തമായ ഒരു ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ള നഴ്സിംഗ് ഹോമിലാണ്.അവിടെ ജോലി ചെയ്തിരുന്ന മലയാളി നഴ്സിനെ റസിഡന്റിന്റെ ക്രെഡിറ്റ് കാര്‍ഡ് മോഷ്ട്ടിച്ച് ഷോപ്പിംഗ് നടത്തിയതിന് പോലിസ് അറസ്റ്റ് ചെയ്തു എന്നതാണ് മലയാളികള്‍ക്കെല്ലാം നാണക്കേടുണ്ടാക്കിയിരിക്കുന്ന ഈ വാര്‍ത്ത.
പ്രായമായ റസിഡന്റിന്റെ പഴ്സില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് ആ വ്യക്തിയറിയാതെ മലയാളി നഴ്സ് കൈക്കലാക്കുകയായിരുന്നു.തുടര്‍ന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി ഇന്റര്‍നെറ്റ് വഴി ഷോപ്പിംഗ് നടത്തിയതിനു ശേഷം ഭദ്രമായി ക്രെഡിറ്റ് കാര്‍ഡ് റസിഡന്റിന്റെ പഴ്സില്‍ തിരികെ വയ്ക്കുകയും ചെയ്തു.പ്രതിമാസ ക്രെഡിറ്റ് കാര്‍ഡ് ബില്‍ വന്നപ്പോഴാണ് റസിഡന്റിന്റെ ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്.തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്കു പരാതി നല്കി.കാര്‍ഡ് കമ്പനിയും പോലീസും ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഷോപ്പിംഗ് നടത്തിയ സാധനങ്ങള്‍ ഡെലിവറി ചെയ്ത അഡ്രസ് കണ്ടു പിടിക്കുകയും മോഷണം നടത്തിയയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയ മലയാളി നഴ്സ് നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് .കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടാനും പിന് നമ്പര്‍ റദദാക്കപ്പെടാനും സാധ്യതയേറെയാണ്.കൂടാതെ ഈ കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ CRB റിക്കാര്‍ഡില്‍ ഉള്‍പ്പെടുത്തുമെന്നതിനാല്‍ ഈ ജീവിതകാലം നഴ്സിംഗ് ജോലിയില്‍ തിരികെ കയറാനും സാധിക്കില്ല.അങ്ങിനെ ഒട്ടേറെ മോഹങ്ങളുമായി ജീവിതം കരുപ്പിടിപ്പിക്കാന്‍ യു കെയില്‍ എത്തിയ ഈ മലയാളി നഴ്സിന്റെ കരിയര്‍ അടഞ്ഞ അധ്യായമാവുകയാണ്.
പണത്തിനു മീതെ പരുന്തും പറക്കില്ല എന്നു പറഞ്ഞു പഠിച്ച നാട്ടില്‍ നിന്നാണ് നാമെല്ലാം യു കെയില്‍ എത്തിയത്.പഠനത്തില്‍ അതി സാമര്‍ത്ഥ്യം കാണിക്കാത്തത് കൊണ്ടോ അല്ലെങ്കില്‍ ഉപരി പഠനത്തിനു സാമ്പത്തികമായി സാഹചര്യം ഇല്ലാത്തത് കൊണ്ടോ ആയിരിക്കണം നമ്മളില്‍ ഭൂരിപക്ഷവും നഴ്സിങ്ങിന് പോയത്.ദൈവം സഹായിച്ച് പഠിച്ചിറങ്ങിയപ്പോള്‍ സ്വപനതുല്യമായ സൌഭാഗ്യങ്ങളുമായി യു കെയിലേക്ക് കുടിയെറാനും കഴിഞ്ഞു.നമ്മള് കഷ്ട്ടപ്പെട്ടതിന്റെ നൂറിലൊന്നുപോലും അറിയിക്കാതെ മക്കളെ വളര്‍ത്താനും കഴിയുന്നു.കാശ് തികയാത്തത് കൊണ്ടാവണം നമ്മളില്‍ പലരും ഇപ്പോള്‍ യൂറോ മില്ല്യന്‍ എടുക്കുന്ന തിരക്കിലുമാണ്.
ഇതുകൊണ്ടൊന്നും മതിയാവാത്തത് കൊണ്ടാണോ നമ്മുടെ സുഹൃത്ത് മോഷണത്തിലേക്ക് തിരിഞ്ഞത്.ക്രെഡിറ്റ് കാര്‍ഡ് അടിച്ചു മാറ്റി പത്തോ ഇരുനൂറോ പൌണ്ടിന്റെ ഷോപ്പിംഗ് നടത്തിയത് മൂലം അദ്ദേഹം എന്താണ് നേടിയത്.? ജീവിതകാലം മുഴുവന്‍ ഡീസന്റായി അന്നം തരേണ്ട നഴ്സിംഗ് എന്ന പ്രൊഫഷന് തന്നെ അദ്ദേഹത്തിന് നഷ്ട്ടമായില്ലേ ?. പണത്തിനു വേണ്ടി പരക്കം പായുന്ന,വ്യക്തി ബന്ധങ്ങള്‍ അറുത്തുമാറ്റുന്ന നമുക്കെല്ലാം ഈ അനുഭവം ഒരു പാഠമാകട്ടെ .
NRI മലയാളിയുടെ പോളിസി പ്രകാരം ഈ വാര്‍ത്ത തന്നയാളുടെയും ഇതില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന വ്യക്തിയുടെയും കൂടുതല്‍ വിവരങ്ങള്‍ നല്കാന് കഴിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല