1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2011

ഇസ്‌ലാമാബാദ്: ഉസാമ ബിന്‍ലാദന്‍ അഞ്ച് വര്‍ഷം പാക്കിസ്ഥാനില്‍ എങ്ങിനെ ഒളിച്ചു കഴിഞ്ഞു എന്നതിനെക്കുറിച്ച് പാക്ക് സൈന്യം അന്വേഷിക്കും. ബിന്‍ലാദനെക്കുറിച്ച് വിവരം നല്‍കുന്നതില്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണസംഘം പരാജയപ്പെടാനുണ്ടായ കാരണത്തെക്കുറിച്ചും അന്വേഷണം നടത്തും.

ബിന്‍ലാദനെ പാക്കിസ്ഥാന്‍ സംരക്ഷിക്കുകയായിരുന്നു എന്ന ആരോപണത്തെ സൈന്യം നിഷേധിച്ചു. ഉസാമയ്‌ക്കെതിരെ നടത്തിയ ആക്രമണം പോലുള്ളവ യു.എസ് ഇനിയും നടത്തുകയാണെങ്കില്‍ അമേരിക്കയുമായി തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനുള്ള പാക്ക് തീരുമാനം പുന:പരിശോധിക്കേണ്ടി വരുമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പാക്കിസ്ഥാന്‍ അറിയാതെ ലാദന്‍ ഇത്രയും കാലം ഇസ് ലാമാബാദില്‍ എങ്ങിനെ ഒളിച്ചുകഴിഞ്ഞു എന്നതിനെക്കുറിച്ച് വിശദീകരണം നല്‍കേണ്ട ഉത്തരവാദിത്തം പാക്കിസ്ഥാനുണ്ട്. ഇതിനായി ആഗോളതലത്തില്‍ തന്നെ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് ഇതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത്.

അഞ്ച് വര്‍ഷത്തോളമായി തങ്ങള്‍ അബോട്ടാബാദില്‍ കഴിയുകയാണെന്ന് ലാദന്റെ ഭാര്യമാരില്‍ ഒരാളാണ് ഇന്റലിജന്‍സ് അധികൃതരോട് പറഞ്ഞിരുന്നത്.

അതേസമയം പാക്കിസ്ഥാനിലേക്ക് അതിക്രമിച്ച് കടന്ന യു.എസ് സൈന്യം ആക്രമണം നടത്തിയത് ഇവിടെ വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. കമാന്‍ഡോ നീക്കം രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന് കുറ്റപ്പെടുത്തി മതസംഘടനകളും പ്രതിപക്ഷപാര്‍ട്ടിനേതാക്കളും രംഗത്തുവന്നതോടെയാണ് പാക് ഭരണനേതൃത്വം മുഖംരക്ഷിക്കാന്‍ വഴിയന്വേഷിച്ചുതുടങ്ങിയത്. സംഭവത്തെക്കുറിച്ച് സ്വതന്ത്രഅന്വേഷണം നടത്തണമെന്ന് പ്രമുഖമാധ്യമങ്ങളും ചില പാര്‍ലമെന്റ് അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ സഖ്യകക്ഷിയായ പാകിസ്ഥാന്‍ ഭീകരവിരുദ്ധയുദ്ധത്തില്‍നിന്ന് പിന്‍മാറണമെന്ന് രാജ്യത്തെ പ്രമുഖ ഇസ്‌ലാമികസംഘടനയായ ജമാ അത്ത് ഇസ്‌ലാം ആവശ്യപ്പെട്ടു. അമേരിക്കയ്‌ക്കെതിരെ പാക് ജനതയ്ക്കിടയിലുള്ള അമര്‍ഷം വരുംദിവസങ്ങളില്‍ തീവ്രമതനിലപാടുള്ള സംഘടനകള്‍ ഉപയോഗപ്പെടുത്തുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.