റിയോ ഡീ ജനീറോ: സ്വവര്‍ഗാനുരാഗികള്‍ക്ക് മറ്റുള്ളവരെപ്പോലെ വിവാഹം കഴിച്ച് ഒരുമിച്ച ജീവിക്കാമെന്ന് ബ്രസീലിലെ സുപ്രീം കോടതി. വോട്ടെടുപ്പിലൂടെയാണ് സുപ്രീംകോടതി ഈ നിയമം പാസാക്കിയത്. 10-0 എന്ന വോട്ടിനാണ് തീരുമാനം അംഗീകരിച്ചത്. ഒരാള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
സാധാരണ ദമ്പതികള്‍ക്കുള്ള സാമൂഹികവും, സാമ്പത്തികവും ധാര്‍മ്മികവുമായ അവകാശങ്ങള്‍ ഇനിമുതല്‍ സ്വര്‍ഗാനുരാഗികള്‍ക്കും ലഭിക്കും. ലോകത്തിലെ ഏറ്റവും വലിയ റോമന്‍ കത്തോലിക് രാജ്യമായ ബ്രസീലില്‍ 60,000 സ്വവര്‍ഗ ദമ്പതികളുണ്ടെന്നാണ് കണക്ക്. അര്‍ജന്റീനയ്ക്കും, ഉറുഗ്വേയ്ക്കും പുറമേ സ്വവര്‍ഗാനുരാഗികള്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അനുവാദം നല്‍കുന്ന സൗത്ത് അമേരിക്കന്‍ രാജ്യമാണ് ബ്രസീല്‍.
ലൈംഗികത എന്നത് മനുഷ്യന്റെ വ്യക്തിപരമായ വികാരപ്രകടന സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുമെന്ന് നിയമനിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജസ്റ്റിസ് കാര്‍ലോസ്, അയേഴ്‌സ് ബ്രിട്ടോ പറഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ വളരെ ആവേശത്തോടെയാണ് ഈ നിയമത്തെ എതിരേറ്റത്. ഇത് രാജ്യത്തിന്റെ ചരിത്ര ദിനമായിരിക്കുമെന്നാണ് സ്വവര്‍ഗ പ്രമികള്‍ ഈ വിധിയോട് പ്രതികരിച്ചത്.
എന്നാല്‍ റോമന്‍ കത്തോലിക് പള്ളി ഈ നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബ്രസീലിയന്‍ ഭരണഘടനപ്രകാരം സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹബന്ധത്തിനു മാത്രമേ നിയമസാധുതയുള്ളൂവെന്നാണ് റോമന്‍ കത്തോലിക് പള്ളി പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല