അല്‍ഖയിദ തലവന്‍ ഉസാമ ബിന്‍ലാദന്റെ വധവുമായി ബന്ധപ്പെട്ട് കാന്റബറിയിലെ ആര്‍ച്ച്ബിഷപ്പ് പ്രസ്താവനയുമായി രംഗത്തെത്തി. ലാദനെ വധിച്ചത് ശരിയായില്ലെന്നാണ് ആര്‍ച്ച്ബിഷപ്പ് പറഞ്ഞത്.
നിരായുധനായ ലാദനെ വെടിവെച്ചുകൊന്നത് ശരിയായില്ല. നിരായുധനായ ആളെ കൊന്നിട്ട് നീതി നടപ്പാക്കിയെന്ന് പറായാനാവില്ലെന്നും ആര്‍ച്ച്ബിഷപ്പ് ഡോ.റോവന്‍ വില്യംസ് പറഞ്ഞു. അബോട്ടാബാദിലെ വീട്ടിനുള്ളില്‍വെച്ച് വെടിവെപ്പൊന്നും നടന്നിട്ടില്ലെന്ന അമേരിക്കന്‍ സൈന്യത്തിന്റെ വാദം പുറത്തുവന്നതിന് ശേഷമാണ് ആര്‍ച്ച്ബിഷപ്പ് പ്രസ്താവനയുമായി രംഗത്തെത്തിയത്.
നേരത്തേ ചില നിരീക്ഷകര്‍ ലാദനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടിയിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആര്‍ച്ച്ബിഷപ്പ് പ്രസ്താവന നടത്തിയത്. എന്തായാലും ആയുധമില്ലാതെ ഒരാളെ കൊല്ലുകയെന്നത് അത്ര നല്ലകാര്യമായി തോന്നുന്നില്ലെന്നാണ് ആര്‍ച്ച്ബിഷപ്പ് പറഞ്ഞത്. ഓപ്പറേഷന്റെ കൂടുതല്‍ വിവരങ്ങള്‍ തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ആദ്യം വെടിയുതിര്‍ത്തത് തങ്ങളല്ലെന്ന നിലപാടാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്. ആദ്യം ലാദന്റെ അനുയായിയെ വെടിവെച്ചിട്ടുവെന്നും ലാദന്‍ കെട്ടിടത്തിന്റെ മുകള്‍ നിലയിലായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി. എ.കെ 47 അടക്കമുള്ള ആയുധങ്ങള്‍ ലാദന്റെ പക്കലുണ്ടായിരുന്നുവെന്നും സേന വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല