ബിനോയ് ജോസഫ്
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില വീണ്ടും കുറഞ്ഞു.കഴിഞ്ഞ കുറെ ദിവസങ്ങളായി തുടരുന്ന ഇടിവ് ഇന്നലെ ഒരു ഘട്ടത്തില്‍ ബാരലിന് 109 ഡോളര്‍ എന്ന നിലയില്‍ വ്യാപാരം നടന്നതിനുശേഷം 113 ഡോളറില്‍ ക്ലോസ് ചെയ്തു.ഈ വര്‍ഷം മാര്ച് 1 -ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.
അതേ സമയം മൊത്തവിലയില്‍ വന്ന കുറവ് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായിട്ടില്ല.അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില പമ്പില്‍ പതിഫലിക്കാന് രണ്ടാഴ്ചയെടുക്കുമെന്നാണ് വില കുറയ്ക്കാത്തതിനു കാരണമായി കമ്പനികള്‍ പറയുന്നത്.എന്നാല്‍ മൊത്തവില കൂടുമ്പോള്‍ അടുത്ത നിമിഷം തന്നെ പമ്പുകളില്‍ പ്രതിഫലിക്കുമെന്നതാണ് വിരോധാഭാസം.
ക്രൂഡോയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 113 ഡോളര്‍ വിലയുണ്ടായിരുന്ന ഈ വര്‍ഷം മാര്ച് ഒന്നാം തീയതി പമ്പുകളിലെ ശരാശരി വില പെട്രോളിനും ഡീസലിനും യഥാക്രമം 133 .13 പെന്‍സ് .139 .81 പെന്‍സ് എന്ന നിലയിലായിരുന്നു.അതിന് ശേഷം മൊത്തവില കൂടുകയും ചില്ലറവിലയില്‍ അത് പ്രതിഫലിക്കുകയും ചെയ്തിരുന്നു.എന്നാല്‍ മാര്‍ച്ച് ഒന്നാം തീയതിയിലെ അതേ നിരക്കിലേക്ക് മൊത്തവില ഇന്നലെ കൂപ്പു കുത്തിയപ്പോള്‍ പമ്പുകളിലെ ശരാശരി വില പെട്രോളിനും ഡീസലിനും യഥാക്രമം 137 .38 പെന്‍സ് .143 .04 പെന്‍സ് എന്ന നിലയിലാണ്.
മൊത്തവിലയിലെ ഇടിവ് ഉപഭോക്താക്കള്‍ക്ക് കൈമാറാത്ത എണ്ണക്കമ്പനികളുടെ ഇരട്ടത്താപ്പാണ് ഇവിടെ വ്യക്തമാകുന്നത്.പൊതുമേഖല സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതണമെന്ന് വാദിക്കുന്ന പ്രധാനമന്ത്രിയും മുതലാളിത്ത വ്യവസ്ഥിതി മാത്രമേ നാടിനെ രക്ഷിക്കൂ എന്നു വിശ്വസിക്കുന്ന ചാന്‍സലറും നാട് ഭരിക്കുമ്പോള്‍ ഇപ്രകാരം സംഭവിക്കുന്നതില്‍ തെല്ലും അതിശയോക്തിയില്ല.രാഷ്ട്രിയ നേതാക്കള്‍ കുത്തക മുതലാളിമാര്‍ക്ക് കുട പിടിക്കുകയും സാധാരണജനം ഈ അനീതിക്കെതിരെ സംഘടിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം ഈ പകല്‍ക്കൊള്ള തുടരുകയും ചെയ്യുമെന്നതില്‍ സംശയമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല