ക്രിസ്മസ് തലേന്ന് റിലീസ് ചെയ്ത ‘തീസ് മാര്‍ ഖാന്’ ഒറ്റ ദിവസം ഇന്ത്യയില്‍ നിന്നു മാത്രം വാരിയത് 13.5 കോടി രൂപ. ഷാരൂഖ് ഖാനില്ലാതെ സിനിമ വിജയിപ്പിക്കാന്‍ ഫറാഖാനെക്കൊണ്ട് കഴിയില്ലെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ സിനിമ.
ഫറാഖാന് മുമ്പ് സംവിധാനം ചെയ്ത സിനിമകള്‍ വിജയിച്ചത് നായകന് ഷാരൂഖ് ഖാന് ആയതുകൊണ്ടാണെന്നും മറ്റൊരാളെ വെച്ചെടുത്താല്‍ പരാജയപ്പെടുമെന്നുമാണ് വിമര്‍ശനമുണ്ടായിരുന്നത്. ബോളിവുഡ് ആക്ഷന്‍ ഹീറോ അക്ഷയ് കുമാറാണ് ‘തീസ് മാര്‍ ഖാനി’ല്‍ ടൈറ്റില്‍ റോള്‍ ചെയ്യുന്നത്. ആദ്യാവസാനം കോമഡി കുത്തി നിറച്ച മുഴുനീള എന്റര്ടെയ്ന്മെന്റ് ചിത്രമായതിനാല്‍ അക്ഷയ്കുമാറിന് സിനിമ വിജയിപ്പിക്കാനാവുമോ എന്നു പലരും സംശയം പ്രകടിപ്പിച്ചിരുന്നു. വിമര്‍ശനങ്ങള്‍ സിനിമയുടെ കളക്ഷനെ ബാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറഞ്ഞത്.
എന്നാല്‍, സിനിമ ഇറങ്ങി ആദ്യ രണ്ടു ദിവസങ്ങളില്‍ തിയേറ്ററുകളില്‍ നിന്നുള്ള പ്രതികരണം വെച്ചു നോക്കുമ്പോള്‍ വിമര്‍ശനങ്ങളൊന്നും പ്രേക്ഷകര്‍ കണക്കിലെടുത്തിട്ടില്ലെന്നുവേണം കരുതാന്‍. സിനിമ ഇറങ്ങിയതിന്റെ പിറ്റേന്ന് ക്രിസ്മസ് അവധിയായതും കളക്ഷന്‍ കൂടാന്‍ സഹായിച്ചു. ആദ്യദിവസത്തേക്കാള്‍ കൂടുതല്‍ രണ്ടാം ദിവസം നേടാന്‍ സിനിമയ്ക്കായി. മൂന്നാം ദിനം ഞായറാഴ്ചയായതും തീസ് മാര്‍ ഖാന് ഭാഗ്യമായി.
ഓടുന്ന തീവണ്ടിയില്‍ നിന്ന് പതിനായിരം കിലോഗ്രാം വരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ച ചെയ്യുന്ന കൗശലക്കാരനായ കള്ളന്റെ വേഷമാണ് അക്ഷയ് കുമാറിന്. ഒരു ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് തന്റെ ദൗത്യത്തിനായി ഉപയോഗിക്കുകയാണ് ചിത്രത്തില്‍. സിനിമാക്കഥയില്‍ പണം കവരുന്ന ‘തീസ് മാര്‍ ഖാന്’ തിയേറ്റര്‍ കൗണ്ടറുകളിലും പണം വാരുകയാണ്.
നായികയായി അഭിനയിക്കുന്ന കത്രീന കെയ്ഫിനും ചിത്രത്തില്‍ മുഴുനീള ഹാസ്യം ചെയ്യാനുള്ള അവസരമാണ് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും തീസ് മാര്‍ ഖാനെ കാണാന്‍ പ്രേക്ഷകര്‍ ഒഴുകിയെത്തിയാല്‍ ഷാരൂഖില്ലാതെ സിനിമ വിജയിപ്പിക്കാനാവില്ലെന്നു പറഞ്ഞവര്‍ക്ക് ചുട്ട മറുപടി കൊടുക്കാന്‍ ഫറാ ഖാനു കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല