തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയില്‍ നിന്ന് സംഗീത സംവിധായകന്‍ ജോണ്‍സണ്‍, നടി മേനക സുരേഷ് എന്നിവര്‍ പിന്‍മാറി. ഇവര്‍ക്ക് പകരമായി കാവാലം ശ്രീകുമാര്‍, സാവിത്രി രാജീവന്‍ എന്നിവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ക്രീനിംഗ് തീയതി സംബന്ധിച്ച ആശയക്കുഴപ്പമാണ് ഇരുവരുടെയും പിന്‍മാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഷൂട്ടിങ് സംബന്ധിച്ച തിരക്ക് കാരണമാണ് പിന്‍മാറുന്നതെന്നാണ് ഇരുവരും അറിയിച്ചത്.
ഈ മാസം 10 മുതല്‍ 22 വരെയാക്കി സ്‌ക്രീനിംഗ് തീയതി പുനര്‍നിശ്ചയിക്കുകയായിരുന്നു. നേരത്തെ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ അധ്യക്ഷനാകാനില്ലെന്ന് പ്രമുഖ സംവിധായകന്‍ ബുദ്ധദേബ് ദാസ് ഗുപ്ത വ്യക്തമാക്കിയത് വിവാദമായിരുന്നു. അവാര്‍ഡ് നിര്‍ണയത്തിനായി ചുരുങ്ങിയ സമയം മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നും തിടുക്കത്തില്‍ നിര്‍ണയിക്കേണ്ട ഒന്നല്ല ചലച്ചിത്ര അവാര്‍ഡുകളെന്നുമാണ് ബുദ്ധദേബ് ദാസ് ഗുപ്ത ഇതിന് നല്‍കിയ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല