ഭയാനകം-ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ആ രണ്ട് ഓവറുകളെ അങ്ങനെയേ വിശേഷിപ്പിക്കാന്‍ കഴിയൂ. രമേഷ് പൊവാറും പ്രശാന്ത് പരമേശ്വരനും അടുത്തകാലത്തൊന്നും മറക്കില്ല ആ രണ്ട് ഓവറുകള്‍.ഇന്നിങ്‌സിലെ രണ്ടാം ഓവര്‍ എറിഞ്ഞ രമേഷ് പൊവാറിനെ അടിച്ചുപരത്തി ദില്‍ഷന്‍ നേടിയത് 20 റണ്‍സ്.
പ്രശാന്ത് പരമേശ്വരന്‍ എറിഞ്ഞ മൂന്നാമത്തെ ഓവറായിരുന്നു അതിഭീകരം. ഒരോവറില്‍ ആറ് പന്തും സിക്‌സറിന് പറത്തിയാല്‍ നേടാവുന്നത് 36 റണ്‍സ്. എന്നാല്‍, പ്രശാന്തിന്‍െ ആ ഓവറില്‍ ഗെയ്ല്‍ വാരിക്കൂട്ടിയത് 37 റണ്‍സ്! നാല് സിക്‌സ്, മൂന്ന് ഫോര്‍, അതിലൊന്ന് നോബോള്‍.മൂന്ന് ഓവര്‍ അവസാനിക്കുമ്പോള്‍ ബാംഗ്ലൂരിന്റെ സ്‌കോര്‍ ബോര്‍ഡ് 66/0.അതോടെ പത്തോവറില്‍ ജയിക്കുമെന്നായി.എന്തായാലും നാലാം ഓവറിലെ അഞ്ചാം പന്തില്‍ വിനയ്കുമാറിനെ സിക്‌സറിന് പറത്താനുള്ള ശ്രമം പരാജയപ്പെട്ട് കുറ്റി തെറിച്ച് ഗെയ്ല്‍ 16 പന്തില്‍നിന്ന് 44 റണ്‍സുമായി മടങ്ങിയതിനാല്‍ കളി പതിനാലാം ഓവര്‍ വരെ നീണ്ടു.ഗെയ്ല്‍ തന്നെയാണ് കളിയിലെ കേമന്‍
ടോസ്‌നേടി ബാറ്റ് വീശിയ കൊച്ചി ടസ്‌കേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറിന് 125 റണ്‍സെടുത്തപ്പോള്‍ 13.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ലക്ഷ്യം കണ്ടു. പത്ത് കളികളില്‍നിന്ന് 13 പോയിന്റുമായി ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 11 കളികളില്‍നിന്ന് 10 പോയിന്റുമായി കൊച്ചി ആറാം സ്ഥാനത്തുതന്നെ. ഇതോടെ പ്ലേ ഓഫില്‍ എത്തുകയെന്ന കൊച്ചിയുടെ സ്വപ്‌നം മങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല