ആകാശദൂത് എന്ന ചിത്രം എക്കാലത്തും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ് അനാഥത്വമെന്ന അനിശ്ചിതത്വത്തിലേയ്ക്ക് എടുത്തെറിയപ്പെടുന്ന നാലു കുട്ടികള്‍ ഓരോ തവണ ചിത്രം കാണുമ്പോഴും പ്രേക്ഷകരുടെ നെഞ്ചിലെ വിങ്ങലായി മാറും.
മുരളിയും മാധവിയും ബാലതാരങ്ങളുമെല്ലാം ഓരേപോലെ കാഴ്ചവെച്ച മികച്ച പ്രകടനത്തിലൂടെ വന്‍വിജയമായി മാറിയ ആകാശദൂതിന് രണ്ടാം ഭാഗം വരുന്നു. അത് ചലച്ചിത്രരൂപത്തിലല്ലെന്നുമാത്രം. ടിവി സീരിയലായിട്ടാണ് രണ്ടാംഭാഗം വരുന്നത്. അമ്മയും അച്ഛനും മരിച്ച പലകുടുംബങ്ങളിലേയ്ക്കായി ദത്തെടുക്കപ്പെട്ട ആ കുട്ടികള്‍ക്ക് എന്തു സംഭവിച്ചിട്ടുണ്ടാകുമെന്ന്്ുള്ളതിനുള്ള ഉത്തരമായിരിക്കും സീരിയല്‍.
1993ല്‍ പുറത്തിറങ്ങിയ ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ സിബി മലയിലായിരുന്നു ആകാശദൂത് ഒരുക്കിയത്. ഇപ്പോള്‍ സന്തോഷ് എച്ചിക്കാനമാണ് ഇതിന്റെ രണ്ടാം ഭാഗത്തിന് സീരിയല്‍ ആവിഷ്‌കാരം നല്‍കുന്നത്. കുട്ടിക്കാലത്തെ ഓര്‍മകളൊന്നും ഇല്ലാതെ, ദത്തെടുക്കപ്പെട്ട വീട്ടില്‍ കഴിയുന്ന മോനുവെന്ന ഏറ്റവും ഇള കുട്ടിയുടെ ജീവിതത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത്.
മൂത്തകുട്ടിയായ മീനുവായി ചിപ്പിയാണ് അഭിനയിക്കുന്നത്. പ്രേംപ്രകാശ്, ആദിത്യന്‍, യതികുമാര്‍, മനോജ്പിള്ള, രഞ്ജിനി കൃഷ്ണ, കാര്‍ത്തിക, മങ്കാ മഹേഷ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സൂര്യ ടി.വി.യിലൂടെയാണ് ആകാശദൂതിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.
ആകാശദൂത് കണ്ട് കണ്ണീരണിഞ്ഞ പ്രേക്ഷകരെ ഒരു തരത്തിലും നിരാശപ്പെടുത്താത്ത തരത്തിലുള്ള കഥയാണ് സന്തോഷ് എച്ചിക്കാനം സീരിയലിന് വേണ്ടി രചിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. രജപുത്ര വിഷ്വല്‍ മീഡിയായുടെ ബാനറില്‍ ആദിത്യന്‍ സംവിധാനം ചെയ്യുന്ന സീരിയല്‍ നിര്‍മ്മിക്കുന്നത് എം രഞ്ചിത്താണ്.
സാധാരണ സീരിയലുകള്‍പോലെതന്നെ കണ്ണീരിന് ഏറെ പ്രാധാന്യമുള്ള വിഷയമായതിനാല്‍ വലിച്ചുനീട്ടല്‍ എന്ന സാഹസത്തിലൂടെ ആകാശദൂതിന്റെ രണ്ടാംഭാഗം എത്രകാലം നീണ്ടുപോകുമെന്ന് കണ്ടറിയാം. ഒടുക്കം മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരു നല്ല ചിത്രത്തെ നശിപ്പിച്ചുവെന്ന് പഴികേള്‍ക്കുന്നതുവരെ കഥവലിച്ചുനീട്ടാതെ മടുപ്പിക്കാതെ നിര്‍ത്തിയാല്‍ നല്ല സീരിയലുകളുടെ ഗണത്തില്‍പ്പെടുത്താന്‍ കഴിയുന്നതാകും ഈ സീരിയല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല