എക്സല്‍ പ്രൊഡക്ഷന്റെ പുതിയ ചിത്രം ‘സിന്തഗീ ന മിലേഗി ദൊബാര’യുടെ ട്രെയ്ലറുകള് ആദ്യം ഓണ്‍ലൈനിലൂടെ പുറത്തിറക്കും. തിയ്യേറ്ററുകളില്‍ ട്രെയിലറുകള്‍ നല്‍കുന്നതിന് മുമ്പാണ് ഓണ്‍ലൈനില്‍ ട്രെയ്ലറുകള് നല്‍കിയിരിക്കുന്നത്.
ചിത്രത്തിന് മൗത്ത് പബ്ലിസിറ്റി കിട്ടാന്‍ ഇതിലും നല്ല മാര്‍ഗമില്ലെന്നാണ് നിര്‍മ്മാതാവ് രിതേഷ് സിദ്ധ്വാനി പറയുന്നത്. ഇന്ത്യയില്‍ മിക്കയാളുകളും ട്രെയ്ലര് കാണുന്നത് സിനിമ പുറത്തിറങ്ങിയതിനുശേഷമാണ്. സാധാരണ മറ്റുചിത്രങ്ങളുടെ ഇടവേളകളിലാണ് റിലീസാവാനിരിക്കുന്ന സിനിമയുടെ ട്രെയ്ലര് കാണിക്കുക. കാണേണ്ട പ്രേക്ഷകരാകട്ടെ അപ്പോള്‍ സ്നാക്ക് കഴിക്കാനോ മറ്റോ പുറത്തിറങ്ങിയിട്ടുണ്ടാവാം. അതുകൊണ്ടുതന്നെ മിക്കയാളുകള്‍ക്കും ട്രെയ്ലര് കാണാന്‍ അവസരം ലഭിക്കാറില്ല. അതിനാലാണ് ഇത്തവണ പതിവിനു വിപരീതമായി ഓണ്‍ലൈനിലൂടെ ട്രെയ്ലര് ആദ്യം പുറത്തിറക്കിയത്.
സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ‘സിന്തഗീ ന മിലേഗീ ദൊബേര’ മൂന്ന് സുഹൃത്തുക്കള്‍ നടത്തുന്ന റോഡ് ട്രിപ്പിന്റെ കഥപറയുകയാണ്. ഹൃത്വിക്ക് റോഷന്, ഫര്ഹാന് അക്തര്‍, അബെ ഡിയോള്‍, കത്രീന കൈഫ്, കല്‍ക്കി കൊച്ച്ലിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യുവാക്കളെ കേന്ദ്രീകരിച്ച് ചെയ്യുന്ന ചിത്രമായതിനാല്‍ തന്നെ ഓണ്‍ലൈന്‍ ട്രെയ്ലര് ഏറെ ഉപകാരപ്രദമായിരിക്കുമെന്നാണ് നിര്‍മ്മാതാവിന്റെ ഭാഷ്യം. ഇന്ത്യയില്‍ 100മില്യണ്‍ ആളുകളാണ് ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും യുവാക്കളാണ്. ചിത്രത്തിന്റെ ആദ്യ ദിന പ്രദര്‍ശനങ്ങളില്‍ തിയ്യേറ്ററുകളിലെത്തുന്നവരില് കൂടുതല്‍ പേരും യുവാക്കളാണ്. അതിനാല്‍ ഓണ്‍ലൈന്‍ ട്രെയ്ലറുകള് ഏറെ ഗുണകരമാകുമെന്നും രിതേഷ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല