ലണ്ടന്‍: സര്‍ക്കാരിന്റെ വിവാദമായ എന്‍.എച്ച്.എസ് പരിഷ്‌കാരങ്ങള്‍ വേണമോ വേണ്ടയോ എന്ന് പറയേണ്ടത് നഴ്‌സുമാരാണെന്ന് ഉപ പ്രധാനമന്ത്രി നിക്ക് ക്ലെഗ്. എന്‍.എച്ച്.എസിന്റെ ഹൃദയവും, ആത്മാവുമാണ് നഴ്‌സുമാര്‍. അതുകൊണ്ടുതന്നെ എന്‍.എച്ച്.എസ് ഫണ്ട് എങ്ങനെ ചിലവാക്കണം എന്ന തീരുമാനമെടുക്കുമ്പോള്‍ നഴ്‌സുമാരെയും പങ്കാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഇപ്പോഴത്തെ പദ്ധതികള്‍ പ്രാഥമിക പരിചരണത്തെ തകര്‍ക്കുകയും, എന്‍.എച്ച്.എസിന്റെ 80ബില്യണ്‍ പൗണ്ട് ഫണ്ട് കൈകാര്യം ചെയ്യാന്‍ ജിപിമാര്‍ക്ക് അധികാരം നല്‍കുന്നതുമാണ്. ഈ പണം ഏങ്ങനെ ചിലവാക്കണമെന്ന് തീരുമാനിക്കുന്നവരില്‍ നഴ്‌സുമാരെയും ഉള്‍പ്പെടുത്തണമെന്നാണ് നിക്ക് ക്ലെഗ് ആവശ്യപ്പെടുന്നത്. റോയല്‍ കോളേജ് നഴ്‌സിങ്ങോ, മറ്റേതെങ്കിലും സ്ഥാപനങ്ങളോ ഈ നിര്‍ദേശത്തെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഷെഫീല്‍ഡിലെ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നടന്ന ഒരുപരിപാടിക്കിടെയാണ് ലിബറല്‍ ഡമോക്രാറ്റ് നേതാവ് ക്ലെഗ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ഇവിടെ സംസാരിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും നന്നായി ജോലിചെയ്യാനാഗ്രഹിക്കുന്നവരാണെന്നും അതിനാല്‍ നല്ല നിര്‍ദേശങ്ങളെ എല്ലായ്‌പ്പോഴും സ്വീകരിക്കുമെന്നറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്ര്യൂ ലാന്‍സ് ലി നിര്‍ദേശിച്ച എന്‍.എച്ച്.എസിലെ പുതിയ പരിഷ്‌കാരങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ പരിഷ്‌കാരങ്ങള്‍ ഗുണകരമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ നിര്‍ദേശത്തെ വീറ്റോചെയ്യുമെന്ന് ക്ലെഗ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്‍.എച്ച്.എസ് സ്റ്റാഫുകളില്‍ അഭിപ്രായ സര്‍വ്വേ നടത്തി ഈ പരിഷ്‌കാരങ്ങളില്‍ ഭേദഗതി വരുത്താനുള്ള നീക്കം നടക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല