തമിഴ് സൂപ്പര്‍ താരം രജനീകാന്തിനെ വിദഗ്ദ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശാരീരിക അസ്വസ്ഥതകള്‍ കാരണം രജനിയെ പോരൂരിലെ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രജനിക്ക് ശ്വാസകോശ അണുബാധയും ഉദര സംബന്ധമായ അസുഖവുമുണ്ടെന്നായിരുന്നു നേരെത്തെ ലഭിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തിന്റെ വൃക്കകള്‍ക്കും തകരാറുണ്ടെന്നാണ് സൂചന. അതേസമയം, രജനിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി എന്ന് ആശുപത്രിയധികൃതര്‍ വ്യക്തമാക്കുന്നു.
സൂപ്പര്‍ താരത്തിന് മതിയായ വിശ്രമം ലഭിക്കാത്തതും പുകവലി ഉള്‍പ്പെടെയുള്ള ശീലങ്ങളും അസുഖം വഷളാക്കാന്‍ കാരണമായി എന്നാണ് കരുതുന്നത്. ശനിയാഴ്ചയാണ് രജനീകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിടി സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകളില്‍ നിന്ന് താരത്തിന് ന്യൂമോണിയ ബാധിച്ചിട്ടുണ്ട് എന്ന് വ്യക്തമായി. താരത്തിന് പരിപൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
‘റാണ’ എന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏപ്രില്‍ 29 – ന് ആണ് രജനിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദ്ദി കാരണം നിര്‍ജ്ജലീകരണം സംഭവിച്ചതിനാല്‍ താരത്തിന് വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അന്നു തന്നെ ആശുപത്രി വിട്ടു എങ്കിലും ശ്വസന സംബന്ധമായ വിഷമതകള്‍ കാരണം മെയ് നാലിന് രജനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമായിരുന്നു താരത്തിന് രണ്ടാം തവണ ആശുപത്രി വിടാന്‍ കഴിഞ്ഞത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല