ടി.വി ചന്ദ്രന് ആദ്യ കൊമേഷ്യല്‍ ചിത്രം ശങ്കരനും മോഹനനും പ്രദര്‍ശനത്തിനൊരുങ്ങി. ജയസൂര്യ ആദ്യമായി ഡബിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അതുപോലെ തന്നെ ഇരുപത് ഗെറ്റപ്പുകളില്‍ ജയസൂര്യ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മലബാറിലെ ഒരു ഗ്രാമത്തിലെ സാധാരണ കുടുംബത്തിലെ ജേഷ്ഠാനുജന്മാരാണ് ശങ്കരനും മോഹനനും. ഇരുവരും തമ്മില്‍ വലിയ പ്രായവ്യത്യാസമുണ്ട്. അവിവാഹിതനായ ശങ്കരന് 45 വയസില്‍ വിവാഹം കഴിക്കുന്നു. രാജലക്ഷ്മിയാണ് വധു. വൈകിയാണെങ്കിലും ശങ്കരന്‍മാഷ് ഏറെ പ്രതീക്ഷകളോടെയാണ് വിവാഹത്തിന് തയാറെടുത്തത്. രാജലക്ഷ്മിയെ ശങ്കരന് ഇഷ്ടവുമായിരുന്നു. ആദ്യ രാത്രിക്ക് ശേഷമുള്ള പുലര്‍ച്ചെ ശങ്കരന് പാമ്പുകടിയേറ്റ് മരിച്ചു.
ജേഷ്ഠ്യന്റെ മരണം മോഹനന് താങ്ങാവുന്നതായിരുന്നില്ല. അവന്റെ മനസില്‍ ശങ്കരന് പല വിധത്തില്‍ പ്രത്യക്ഷപ്പെടുന്നതായി തോന്നി. ഒരു തരം മാനസിക വിഭ്രാന്തി. അങ്ങനെയാണ് അവന് സ്നേഹിതനായ ബേബിയുടെ ഉപദേശം തേടിയത്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ശങ്കരനും മോഹനനും എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
രാജലക്ഷ്മിയെ മീരാനന്ദന് അവതരിപ്പിക്കുന്നു. റിമാകല്ലുങ്കലാണ് മറ്റൊരു നായിക. ജഗതി, സുധീഷ്, ശ്രീരാമന്, ശിവജി ഗുരുവായൂര്‍ , കല്പന, വത്സലാ മേനോന് എന്നിവരും ഈചിത്രത്തിലെ പ്രധാന താരങ്ങളാണ്.
രചന ടി.വി ചന്ദ്രന് . കെ.ജയകുമാറിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍സിത്താര ഈണം പകരുന്നു. രാഗം മൂവീസ് എന്നിവയുടെ ബാനറില്‍ പ്രേം പ്രകാശും, രാജു മല്യത്തും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത്. സെഞ്ച്വറി ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല