ലണ്ടന്‍: കുട്ടികളില്ലാത്തവരാണെങ്കിലും ബ്രിട്ടനിലെ 30മില്യണ്‍ തൊഴിലാളികള്‍ക്ക് ഇനി മുതല്‍ ജോലി സമയത്ത് ഇളവ് ആവശ്യപ്പെടാം. തൊഴില്‍ നിയമത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച പുതിയ പരിഷ്‌കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്. ഇനിമുതല്‍ തൊഴിലാളികള്‍ ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ തൊഴില്‍ സമയത്തില്‍ മാറ്റം ആവശ്യമാണെങ്കില്‍ അത് അനുവദിച്ചുനല്‍കും. ഈ പരിഷ്‌കാരം ബിരുദധാരികളുള്‍പ്പെടെയുള്ള യുവാക്കളെ പാര്‍ട്ട് ടൈം ജോലിയിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും. 2013 ഏപ്രിലിലാണ് ഈ നിയമം നിലവില്‍ വരിക.
പുതിയ നിയമപ്രകാരം ഏതൊരു കമ്പനിയിലും 26 ആഴ്ച പൂര്‍ത്തിയാക്കിയ ആള്‍ക്ക് തൊഴില്‍ സമയത്തില്‍ അയവ് ആവശ്യപ്പെടാന്‍ അവകാശമുണ്ട്. പുതുതായി സ്റ്റാഫുകളെ നിയമിക്കാനുള്ള അസൗകര്യം, അധിക ചിലവാകുമെന്ന പേടി തുടങ്ങി എട്ടുകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഈ അപേക്ഷകള്‍ തള്ളാനുള്ള അധികാരം സ്ഥാപനങ്ങള്‍ക്കുണ്ട്.
എന്നാല്‍ ബിസിനസ് ലോബികള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഈ പരിഷ്‌കാരത്തെ അംസംബന്ധമെന്നാണ് ബ്രിട്ടീഷ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിശേഷിപ്പിച്ചത്. ഇത് സാമ്പത്തിക നിലയെ ബാധിക്കുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഗ്രീസുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പിന്നിലാണ് ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയെന്ന ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബ്രിട്ടന്റെ സാമ്പത്തിക നില തിരിച്ചുവരാന്‍ കഴിയാത്ത വിധം തകരുകയാണെന്നും ഈ സാഹചര്യത്തിലാണ് തൊഴില്‍ പരിഷ്‌കരണവുമായി മന്ത്രിമാര്‍ രംഗത്തെത്തുന്നതെന്നും ബ്രിട്ടീഷ് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ഡയറക്ടര്‍ ജനറല്‍ ഡേവിഡ് ഫ്രോസ്റ്റ് കുറ്റപ്പെടുത്തി. തൊഴിലാളികള്‍ക്കിടയില്‍ ഇത് അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തൊഴിലില്ലായ്മ കുറയ്ക്കാന്‍ ശ്രദ്ധ നല്‍കേണ്ട സമയത്താണ് സര്‍ക്കാര്‍ തൊഴില്‍ പരിഷ്‌കാരം നടപ്പാക്കുന്നത്. 2003ലെ നിയമപ്രാകാരം ചെറിയ കുട്ടികളുള്ള തൊഴിലാളികള്‍ക്കാണ് ജോലി സമയത്ത് അയവ് നല്‍കിയിരുന്നതെന്നും ഫ്രോസ്റ്റ് ചൂണ്ടിക്കാട്ടി.
റിട്ടയര്‍ ചെയ്യാറായിട്ടും മറ്റൊരു വഴിയുമില്ലാതെ ജോലിചെയ്യേണ്ടി വരുന്ന വൃദ്ധ ജനങ്ങളെയാണ് ഇത് ഏറെ സഹായിക്കുക. എന്നാല്‍ ഇത് ഏറെ ബാധിക്കുക ബിസിനസ് സ്ഥാപനങ്ങളെയാണ്. നിയമം നിലവില്‍ വരുന്നതോടെ ഫുള്‍ ടൈം ജോലിക്കാരായ തൊഴിലാളികള്‍ മുഴുവന്‍ പാര്‍ട്ട് ടൈം ആവാനുള്ള അപേക്ഷയുമായി രംഗത്തെത്താന്‍ തുടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല