ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് യുഎസില്‍ അറസ്റ്റിലായ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) മാനേജിങ് ഡയറക്ടര്‍ ഡൊമിനിക് സ്ട്രോസ് കാന്റെ(62) ജാമ്യാപേക്ഷ തള്ളി. അദ്ദേഹത്തെ ന്യൂയോര്‍ക്കിലെ നൊട്ടോറിയസ് റിക്കേഴ്സ് ഐലന്‍ഡ് ജയിലിലേക്ക് അയച്ചു.
മാന്‍ഹട്ടന്‍ കോടതിയാണ് സ്ട്രോസിന്റെ ജാമ്യാപേക്ഷ നിരസിച്ചത്. ജാമ്യം നല്കിയാല് ഇദ്ദേഹം ഫ്രാന്‍സിലേക്കു കടക്കുമെന്ന എതിര്‍വാദം കോടതി സ്വീകരിക്കുകയായിരുന്നു. 10 ലക്ഷം ഡോളറിന്റെ ബലത്തില്‍ ജാമ്യം നേടാനായിരുന്നു സ്ട്രോസിന്റെ ശ്രമം.
ഹോട്ടല്‍ ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശനിയാഴ്ചയാണ് സ്ട്രോസ് കാന്‍ അറസ്ററിലായത്.ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിക്കൊളാസ് സര്‍ക്കോസിക്കെതിരെ മല്‍സരിക്കാനൊരുങ്ങുന്ന സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ സ്ട്രോസിന് ഈ സംഭവം വലിയ തിരിച്ചടിയായിരിക്കയാണ്.
ഏഴുകുറ്റങ്ങളാണ് സ്ട്രോസിന് മേല്‍ ചുമത്തിയിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ 25വര്‍ഷം വരെ ജീവപര്യന്തം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. സഹതടവുകാരില്‍ നിന്നുള്ള ആക്രമണവും മറ്റും ഒഴിവാക്കാനായി ജയിലിലെ ഒറ്റപ്പെട്ടതും ഏറ്റവും സുരക്ഷിതവുമായ സെല്ലിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കോടതിയില്‍ സ്ട്രോസ് കാന്‍ ഉത്കണ്ഠാകുലനായും ക്ഷീണിതനായും കാണപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഞായറാഴ്ച നടന്ന പരേഡില്‍ സ്ട്രോസിനെ യുവതി തിരിച്ചറിഞ്ഞിരുന്നു. അവരെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല