പുനസംഘടനയ്ക്കൊരുങ്ങുന്ന മൊബൈല്‍ കമ്പനി ഭീമന് നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തേയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ റിവ്യൂവിന്റെ എഡിറ്റര്‍ എല്‍ദാര്‍ മര്ട്ടാസിനാണ് തന്റെ ബ്ലോഗിലൂടെ ഇത്തരമൊരു ബിസിനസ് ഇടപാടിന് കളമൊരുങ്ങുന്നകാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ബിസിനസ്-സാങ്കേതിക രംഗത്തെ പ്രമുഖ വ്യക്തിത്വമായ എല്‍ദാര്‍ പറഞ്ഞതായതുകൊണ്ടുതന്നെ ബിസിനസ് ലോകം ഈ വിവരത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നോക്കിയയുടെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് സ്വന്തമാക്കാനാണ് മൈക്രോസോഫ്റ്റ് ഒരുങ്ങുന്നതെന്നും 2011 അവസാനത്തോടെ ഈ ഇടപാട് യാഥാര്ത്ഥ്യമായേയ്ക്കുമെന്നും എല്‍ദാര്‍ തന്റെ ബ്ലോഗില്‍ പറയുന്നു.
ഇത് നടക്കുകയാണെങ്കിലല് ബിസിനസ് രംഗത്ത് അസൂയാവഹമായ ഉയര്‍ച്ച നേടിയ ഫിന്നിഷ് കമ്പനിയായ നോക്കിയയുടെ മരണം തന്നെയായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. നോക്കിയയുടെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് സ്വന്തമാക്കുന്നതോടെ സോഫ്റ്റ് വേര് രംഗത്തെ മികവിനൊപ്പം ഹാര്‍ഡ് വേര് മികവും കൂടി മൈക്രോസോഫ്റ്റിനൊപ്പം ചേരുമെന്നും വിലയിരുത്തപ്പെടുന്നു.
ഇപ്പോള്‍ നോക്കിയയ്ക്ക് മത്സരമുയര്‍ത്തി മുന്നേറുന്ന വിവിധ മൊബൈല്‍ ഫോണ്‍ ബ്രാന്റുകള്‍ക്ക് ഭാവിയില്‍ ഈ നീക്കം ഭീഷണിയുയര്‍ത്താനും ഇടയുണ്ട്. എന്നാല്‍ നോക്കിയ ഈ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ തള്ളിയിട്ടുണ്ട്.
ഇപ്പോള്‍ ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്ന നോക്കിയ ആഗോളതലത്തില്‍ ജീവനക്കാരെ ചുരുക്കിക്കൊണ്ട് വന്പുനസംഘടനയ്ക്കൊരുങ്ങുകയാണ്.
സ്മാര്‍ട്ട് ഫോണ്‍ രംഗത്തുള്‍പ്പെടെ പല അപ്രധാന ബ്രാന്ഡുകളുടേതിനേക്കാള് മോശം പ്രകടനമാണ് ഇപ്പോള്‍ നോക്കിയയുടേത്. വിന്‍ഡോസ് ഫോണ്‍ 7 ഇറക്കിക്കൊണ്ട് തിരിച്ചുവരാന്‍ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
7000ത്തോളം തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കാനുള്ള ശ്രമത്തിലാണ് നോക്കിയ. അതില്‍ 2000 തൊഴിലുകളും ഫിന്‍ലാന്റിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല