ക്യാപ്റ്റന്‍ ഗില്‍ക്രിസ്റ്റും ഷോണ്‍ മാര്‍ഷും നിറഞ്ഞാടിയപ്പോള്‍ കിംഗ്സ് ഇലവണ്‍ പഞ്ചാബ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ 111 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ഫലമോ? കൊച്ചിയുടെ കൊമ്പന്മാര്ക്ക് ഇന്നത്തെ മത്സരം പൂര്‍ത്തിയാക്കി ഐപിഎല്ലില്‍ നിന്ന് മടങ്ങാം. കൂറ്റന്‍ മാര്‍ജിനിലുള്ള വിജയം പഞ്ചാബിന് പ്ലേ ഓഫ് സാധ്യത നല്‍കുകയും കൊച്ചിന് ടസ്കേഴിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തല്ലിക്കെടുത്തുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന്റെ തനിനിറം വെളിവായത് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലാണ്. ബാറ്റിംഗ് വെടിക്കെട്ടിനു തിരികൊളുത്തിയ ഗില്ലി 55 പന്തില്‍ നിന്ന് 106 റണ്‍സ് എടുത്തു. കൂടെയെത്തിയ ഷോണ്‍ മാര്‍ഷും പ്രകടനം മോശമാക്കാന്‍ ആഗ്രഹിച്ചില്ല. മാര്‍ഷ് 49 പന്തില്‍ നിന്ന് 79 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. ഇരുവരുടെയും റിക്കോര്‍ഡ് കൂട്ടുകെട്ടില്‍ പഞ്ചാബ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് അടിച്ചു കൂട്ടി. ഐപിഎല്ലിലെ ഏറ്റവും മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത് 206 റണ്‍സ് ആയിരുന്നു.
നാലാം സീസണിലെ റിക്കോര്‍ഡ് സ്കോറിനാണ് ധര്‍മ്മശാല ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചത്. മിന്നുന്ന പ്രകടനത്തിലൂടെ ഷോണ്‍ മാര്‍ഷ് സീസണിലെ മികച്ച സ്കോററായ പോള്‍ വാല്ത്താട്ടിയെയും മറികടന്നു. മാര്‍ഷിന് ഇതുവരെ 491 റണ്‍സ് സ്വന്തം അക്കൌണ്ടില്‍ ചേര്‍ക്കാനായി.
മറുപടി ബാറ്റിംഗിനെത്തിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് തുടര്‍ച്ചയായ ഏഴ് കളികള്‍ ജയിച്ച ആലസ്യത്തിലായിരുന്നു. എന്നാല്‍, എല്ലാ വിജയത്തിന്റെയും പിന്നില്‍ പാറ പോലെ ഉറച്ചു നിന്ന ക്രിസ് ഗെയ്ലിന് ഈ മത്സരത്തില്‍ കാലിടറി. ഗെയ്ല് ഏഴ് പന്തുകള്‍ പാഴാക്കി ഒരു റണ്ണുപോലും എടുക്കാതെ മടങ്ങിയതിന്റെ ഞെട്ടല്‍ ബാംഗ്ലൂരിനെ 111 റണ്‍സിന്റെ ദയനീയ പരാജയത്തിലെത്തിച്ചു. പതിനേഴ് ഓവറില്‍ 121 റണ്‍സിന് ബാംഗ്ലൂരിന്റെ ചലഞ്ച് അവസാനിച്ചു, എല്ലാവരും പുറത്തായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല