ന്യൂദല്‍ഹി: ഇന്‍ഫോസിസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച് ചെയര്മാന് സ്ഥാനത്തുനിന്നും എന്‍.ആര് നാരായണമൂര്‍ത്തി പടിയിറങ്ങി. ചെയര്മാന് എന്ന നിലയില്‍ ഓഹരിയുടമകളെ അഭിസംബോധന ചെയ്യുന്ന കത്ത് കൈമാറിയാണ് മൂര്‍ത്തി അധികാരം കൈമാറിയത്.
30 വര്‍ഷത്തെ യാത്രയില്‍ കമ്പനി ഏറെ മാറിയെന്നും ബിസിനസിന്റെ ധാര്‍മ്മികതയില്‍ മാറ്റങ്ങള്‍ പ്രകടമായെന്നും കത്തില്‍ വൈകാരികമായി മൂര്‍ത്തി പറയുന്നുണ്ട്. നിര്‍ണായക വേളയില്‍ കമ്പനിയിലെ ചില മേലധികാരികള്‍ പ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കത്തില്‍ നാരായണ മൂര്‍ത്തി കുറ്റപ്പെടുത്തുന്നു.
2010-11 വര്‍ഷത്തെ ഇന്‍ഫോസിസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കമ്പനിയുടെ ധാര്‍മ്മിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഇതിന് കനത്ത് വില നല്‍കേണ്ടി വന്നിരുന്നതായും കത്തില്‍ പറയുന്നു. ഇന്‍ഫോസിസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ചില നടപടികള്‍ തനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിരുന്നതായും നാരായണ മൂര്‍ത്തി കുറ്റപ്പെടുത്തുന്നു.
കമ്പനിയുടെ നേതൃസ്ഥാനത്തെത്തുന്നതിനുള്ള മല്‍സരത്തില്‍ സീനിയോറിറ്റിക്കല്ല, മറിച്ച് കഴിവിനാകണം പ്രാധാന്യം നല്‍കേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഫോര്‍ച്ച്യൂണ്‍-10 കമ്പനിയുമായുള്ള കരാര്‍ നഷ്ടപ്പെടുത്തിയ തീരുമാനം തന്റെതായിരുന്നുവെന്നും ഇത് സഹപ്രവര്‍ത്തകരോട് ബോധ്യപ്പെടുത്തേണ്ടതായി വന്നിരുന്നുവെന്നും നാരായണമൂര്‍ത്തി കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല