1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2011

സര്‍ക്കാര്‍ ചെലവു ചുരുക്കലിന്റെ ഭാഗമായി ഡിസബിലിറ്റി ബെനഫിറ്റ്‌ വെട്ടിക്കുറച്ച ബിര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലിന്റെ നടപടിയെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. ഇംഗ്ലണ്ടിലെയും വേല്‍സിലെയും ലോക്കല്‍ അതോറിറ്റികളുടെ പ്രവര്‍ത്തനത്തില്‍ ദൂരവ്യാപകഫലങ്ങളുണ്ടാക്കുന്നതാണ് കോടതിയുടെ ഇടപെടല്‍.

നിലവിലെ ഡിസബിലിറ്റി നിയമങ്ങള്‍ക്കനുസരിച്ച് മാത്രമായിരിക്കണം കൗണ്‍സിലുകളുടെ പ്രവര്‍ത്തനമെന്ന് കോടതി നിരീക്ഷിച്ചു. ജനങ്ങളുടെ കഷ്ടപ്പാടു കൂടി കണക്കിലെടുത്തുവേണം കൗണ്‍സിലുകള്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു. നിലവില്‍ ബിര്‍മിംഗ്ഹാമടക്കം 122 കൗണ്‍സിലുകളാണ് ഉള്ളത്. ഇവയില്‍ പലതും ചെലവു ചുരുക്കലിന്റെ ഭാഗമായി ഏറ്റവും അടിയന്തിരമായ കേസുകള്‍ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ എന്ന് തീരുമാനിച്ചിരുന്നു.ഇത് മൂലം കൌണ്‍സില്‍ വഴി പലര്‍ക്കും ലഭിച്ചിരുന്ന കെയര്‍ നിലച്ചിരുന്നു.

എന്നാല്‍ എല്ലാ പൊതുസ്ഥാപനങ്ങളും നിലവിലെ നിയമത്തിന് അനുസൃതമായിട്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്ന് ജഡ്ജിമാര്‍ ഓര്‍മ്മിപ്പിച്ചു. ബിര്‍മിംഗ്ഹാമിലെ ഡിസേബിള്‍ ആയ നാലംഗ കുടുംബമാണ് ചികില്‍സ കിട്ടാത്തതിനെ തുടര്‍ന്ന് കൗണ്‍സിലിനെ കോടതി കയറ്റിയത്. സോളിസിറ്റര്‍ കാരന്‍ ആഷ്ടണായിരുന്നു കുടുംബത്തിനായി ഹാജരായത്. കോടതി വിധി ഏറെ സന്തോഷപ്രദമാണെന്നും അശരണരായ നിരവധി ആളുകള്‍ക്ക് ഇത് ഏറെ ഗുണംചെയ്യുമെന്നും സോളിസിറ്റര്‍ വ്യക്തമാക്കി.

കൗണ്‍സില്‍ നിലവില്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വന്‍ പ്രത്യാഘാതത്തിന് ഇടയാക്കുമെന്നും സോളിസിറ്റര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വിധിയെ അനുകൂലിച്ചുതന്നെയാണ് ബിര്‍മിംഗ്ഹാം കൗണ്‍സിലും രംഗത്തെത്തിയത്. വിധി കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ കൗണ്‍സിലിനെ ഓര്‍മ്മപ്പെടുത്തുമെന്ന് അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.