ഭൂമിയ്ക്ക് പുറത്ത് പ്രപഞ്ചത്തില്‍ ജീവന് തേടിയുള്ള മാനവരാശിയുടെ പര്യവേഷണങ്ങള്‍ക്ക് ശുഭപ്രതീക്ഷ. സൗരയൂഥത്തിന് പുറത്ത് ജീവന്റെ നിലനില്പിന് സാധ്യതയുള്ള മറ്റൊരു ഗ്രഹം കൂടി ഗവേഷകര്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഗ്ലിസെ 581ഡി എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രഹമാണ് ഭൂമിയ്ക്ക് സമാനമായ പ്രത്യേകതകളുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള ഒരുസംഘം ജ്യോതിശാസ്ത്രജ്ഞര്‍ നടത്തിയ നിരീഷണത്തിലാണ് പുതിയഗ്രഹം കണ്ടെത്തിയത്.
ഈ ഗ്രഹത്തില്‍ ജീവന്റെ ഉത്ഭവത്തിനും നിലനില്പിനും അത്യാവശ്യ ഘടകമായ ജലം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് ലോകപ്രശസ്ത ബഹിരാകാശ വെബ്സൈറ്റായ സ്പേസ് ഡോട്ട് കോം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ഗ്രഹത്തിന് മുകളില്‍ മേഘങ്ങളുണ്ടെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയേക്കാള്‍ ഏഴിരട്ടി വലുപ്പമുണ്ടെന്ന് അനുമാനിക്കുന്ന ഗ്രഹമാണ് ഗ്ലിസെ 581ഡി. വളരെ കട്ടിക്കുറഞ്ഞ കാര്‍ബണ്‍ഡൈഓക്സൈഡ് നിറഞ്ഞ അന്തരീക്ഷമാണ് ഗ്ലിസെ 581ഡി എന്ന ഗ്രഹത്തിനുള്ളതെന്നും പറയപ്പെടുന്നു.
ഗ്ലിസെ 581ഡി ഉള്‍പ്പടെ ആറു ഗ്രഹങ്ങള്‍ ഒരു നക്ഷത്രത്തെ പ്രദിക്ഷണം ചെയ്യുന്നുണ്ട്. ഗ്ലിസെ 581ഡിന് സമീപത്തുള്ള ഗ്ലിസെ581ജി എന്ന ഗ്രഹത്തിലും ജലത്തിന്റെ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇത് ഭൂമിയേക്കാള്‍ മൂന്നിരട്ടി വലുപ്പമുള്ളതാണ്.
ജീവന് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ഗ്രഹങ്ങളില്‍ എത്തിപ്പെടാനുള്ള മനുഷ്യരാശിയുടെ ശ്രമങ്ങള്‍ വിജയിക്കാനുള്ള സാധ്യതകള്‍ അതിവിദൂരമാണ്. ഭൂമിയില്‍ നിന്ന് 20 പ്രകാശവര്‍ഷം അകലെയാണ് ഗ്ലിസെ 581ഡി സ്ഥിതി ചെയ്യുന്നത്. മിനിറ്റില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിയ്ക്കുന്ന ബഹിരാകാശവാഹനം നിര്‍മിച്ചാലും ഗ്രഹത്തിലെത്തിപ്പെടണമെങ്കില് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ യാത്ര ചെയ്യേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല