ലണ്ടന്‍: പണപ്പെരുപ്പം ഉയരുമെന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍ യു.കെയുടെ സാമ്പത്തിക നില ഇപ്പോഴും ഭീഷണിയിലാണെന്ന് സാമ്പത്തിക വിദഗ്ധന്റെ മുന്നറിയിപ്പ്. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്കിയ ഇന്റര്‍വ്യൂയില്‍ ദ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുഖ്യ സാമ്പത്തിക ശാത്രജ്ഞന്‍ സ്പെന്‍സര്‍ ഡെയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പണപ്പെരുപ്പം കൂടുന്നത് പ്രതിരോധിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പലിശ നിരക്ക് കൂടുന്നത് ചില കുടുംബങ്ങളിലുണ്ടാക്കുന്ന ദുരിതത്തെക്കുറിച്ച് താന്‍ ബോധവാനാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു കാര്യവുമില്ലാതെ പലിശ നിരക്ക് കൂട്ടുന്നതിന് ഞാന്‍ എതിരാണ്. പലിശ നിരക്ക് കൂട്ടണമെന്ന നിര്‍ദേശം സന്തോഷത്തോടെയല്ല ഞാന്‍ മുന്നോട്ടുവയ്ക്കുന്നത്. അത് ചിലകുടുംബങ്ങളിലുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതായി കാണുന്നുമില്ല. എന്നാല്‍ പണപ്പെരുപ്പം കൂടുന്നത് സാമ്പത്തിക നിലയെ ഇത്രത്തോളം ബാധിക്കുന്ന ഈ ഘട്ടത്തില്‍ മറ്റു വഴികളൊന്നും ഇല്ല’ ഡെയില്‍ പറഞ്ഞു.
സാമ്പത്തിക നില പഴയ പടിയാകുമെന്ന് തനിക്ക് യാതൊരു വിശ്വാസമില്ല. എന്നാല്‍ പണപ്പെരുപ്പം ഇനിയും കൂടിയാല്‍ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് തനിക്ക് ഭീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ മാസമാദ്യം ആദ്യ പാദ പണപ്പെരുപ്പ റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ യു.കെ പണപ്പെരുപ്പ നിരക്ക് കൂട്ടാനാലോചിച്ചിരുന്നു. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഇരട്ടിയായി പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നിട്ടും ബാങ്ക് പലിശനിരക്ക് രണ്ട് വര്‍ഷമായി 0.5% എന്നതില്‍ തന്നെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക മേഖല പാടേ മാറിയിട്ടുണ്ടെന്നും അതിനാല്‍ പലിശനിരക്ക് കൂടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇനിയുണ്ടാവുന്ന സാമ്പത്തിക ഞെരുക്കം നേരിടാന്‍ യു.കെയിലെ കുടുംബങ്ങള്‍ ഒരുങ്ങിയിരിക്കണമെന്ന് ബിസിനസ് സെക്രട്ടറി വിന്‍സ് കേബിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബജറ്റിലെ റെക്കോര്‍ഡ് കമ്മി നികത്താന്‍ യു.കെ കഠിനമായി ശ്രമിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് വേദനയുടെ ദിവസങ്ങളാവും മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല