1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2011

വിമാനയാത്രയ്ക്കിടെ മന്ത്രി പി ജെ ജോസഫ് സഹയാത്രികയെ പീഡിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. പി ജെ ജോസഫ്, മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ ഡി ജി പി രമണ്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ പ്രതിപ്പട്ടികയിലുള്ള കേസിലാണ് അന്വേഷണം നടക്കുക.

നിയമസഹായവേദി ചെയര്‍മാന്‍ സ്റ്റീഫന്‍ റൊസാരിയോ നല്‍കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് ആലുവ മജിസ്ട്രേട്ട് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ചെങ്ങമനാട് പോലീസ് ആയിരിക്കും കേസ് അന്വേഷിക്കുക.

പി ജെ ജോസഫിനെ കേസില്‍ നിന്ന് രക്ഷിക്കാനായി അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന കോടിയേരിയും ഡി ജി പി രമണ്‍ ശ്രീവാസ്തവയും ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി എന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. പകരം ഐ ജി ബി സന്ധ്യയെക്കൊണ്ട് അന്വേഷണം നടത്തുകയാണ് ചെയ്തത്. പി ജെ ജോസഫ് കുറ്റക്കാരനാണെന്ന് ബി സന്ധ്യ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് പ്രകാരം കേസെടുത്തില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

2006-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കിംഗ് ഫിഷര്‍ വിമാനത്തിലെ യാത്രക്കാരിയായിരുന്ന ലക്ഷ്മി ഗോപകുമാറിനെ പുറകിലത്തെ സീറ്റിലിരുന്ന പി ജെ ജോസഫ് പീഡിപ്പിച്ചെന്നാണ് ആരോപണം. ചെന്നൈ പൊലീസ് ആണ് സംഭവം അന്വേഷിച്ചത്. കേസില്‍ തെളിവില്ലാത്തതിനാല്‍ ആലന്തൂര്‍ കോടതി പി ജെ ജോസഫിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

കൊച്ചിയിലേക്കുള്ള വിമാനത്തില്‍ ആകാശത്താണ് പീഡനം നടന്നതെന്നും അതിനാല്‍ കേസ് അന്വേഷിക്കേണ്ടത് ചെങ്ങമനാട് പോലീസാണെന്നും പൊതുതാല്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.