പതിനെട്ടു വര്‍ഷം മുമ്പ് മലയാളസിനിമയില്‍ ചരിത്രമെഴുതിയ മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ബാധ മറുഭാഷകളെ വിട്ടൊഴിയുന്നില്ല. നാഗവല്ലിയെ കേന്ദ്രകഥാപാത്രമാക്കി തെലുങ്കില്‍ വീണ്ടും സിനിമ വന്നിരിക്കുകയാണ്. സിനിമയുടെ പേരും നാഗവല്ലി എന്നു തന്നെയാണ്. സൂപ്പര്‍താരം വെങ്കിടേഷ് നായകന്മാരുടേയും വില്ലന്റേയുമടക്കം മൂന്നു വേഷത്തിലെത്തുന്ന നാഗവല്ലിയില്‍ അനുഷ്ക, റിച്ച ഗംഗോപാധ്യായ, കമാലിനി മുഖര്‍ജി, ശ്രദ്ധ ദാസ്, പൂനം കൗര്‍ എന്നിങ്ങനെ അഞ്ച് നായികമാരാണുള്ളത്. ആപ്തമിത്രയും ചന്ദ്രമുഖിയും ആപ്തരക്ഷകയും ഒരുക്കിയ പി.വാസു തന്നെയാണ് നാഗവല്ലിയും സംവിധാനം ചെയ്തിരിക്കുന്നത്.
മൈസൂരില്‍ താമസമാക്കിയ ഒരു കുടുംബത്തിന്റെ കഥയാണ് നാഗവല്ലി പറയുന്നത്. ഈ വീട്ടിലുള്ള നാഗവല്ലി എന്ന പഴയ പെയിന്റിംഗിനെച്ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. വീട്ടില്‍ നടക്കുന്ന പല സംഭവങ്ങള്‍ക്കും പിന്നില്‍ ഈ ചിത്രമാണന്നും ചിത്രത്തില്‍ പ്രേതബാധയുണ്ടെന്നുമുള്ള വിശ്വാസത്തില്‍ ഇവര്‍ പ്രസിദ്ധനായ രാമചന്ദ്ര ആചാര്യ (വെങ്കിടേഷ്) എന്ന മന്ത്രവാദിയെ സമീപിക്കുന്നു. ആചാര്യ സൈക്കോളജിസ്റ്റായ ഡോ.വിജയുടെ (വെങ്കിടേഷ്) സഹായത്തോടെ പ്രേതത്തെ ഒഴിപ്പിക്കുന്നതാണ് കഥ. മണിച്ചിത്രത്താഴുപോലെ തന്നെ പഴയ ഒരു കഥ ഇവിടെയും പറയാനുണ്ട്. 125 വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ ജീവിച്ചിരുന്ന വിജയ രാജേന്ദ്ര ബഹാദൂര്‍ (വെങ്കിടേഷ്) എന്ന രാജാവും നാഗവല്ലിയും തമ്മിലുള്ള ശത്രുതയാണ് ഇവിടെയും വിഷയം.
അന്തരിച്ച നടന് വിഷ്ണുവര്ധന് അഭിനയിച്ച അവസാന ചിത്രങ്ങളിലൊന്ന് എന്ന നിലയില്‍ കന്നഡത്തില്‍ ‘ആപ്തരക്ഷക’ വന്‍ വിജയമായിരുന്നു. പിന്നീട് തമിഴില്‍ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിനായി രജനീകാന്തിനെ വാസു സമീപിച്ചെങ്കിലും രജനി പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് തെലുങ്കില്‍ ചിത്രം ചെയ്യാന്‍ വെങ്കിടേഷ് തയ്യാറായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല