തമിഴ്നാട് പരിസ്ഥിതി മന്ത്രി മരിയം പിച്ചൈയുടെ മരണം ‘ദുരൂഹ’മാണെന്ന് മുഖ്യമന്ത്രി ജയലളിതയും അഭിപ്രായപ്പെടുന്നു. ആദ്യ നിയമസഭാ സമ്മേളനത്തിനായി വരുന്ന വഴിയില്‍ സംശകരമായ സാഹചര്യത്തില്‍ മന്ത്രി അപകടത്തില്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് തമിഴ്നാട് സിബി-സിഐഡി അന്വേഷണം ആരംഭിച്ചു.
നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി സ്വന്തം കാറില്‍ ചെന്നൈയിലേക്ക് പോകുന്നതിനാണ് പിച്ചൈ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില ഉദ്യോഗസ്ഥര്‍ ഇടപെട്ട് മന്ത്രിക്ക് മറ്റൊരു വാഹനം ഏര്‍പ്പാട് ചെയ്യുകയായിരുന്നുവത്രേ.
മരിയം പിച്ചൈ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറെ കുറിച്ച് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അപകടത്തെ കുറിച്ചുള്ള സംശയം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. ഇയാള്‍ തെരഞ്ഞെടുപ്പില്‍ പിച്ചൈയുടെ എതിരാളിയായിരുന്ന കെ എന്‍ നെഹ്രുവിന്റെ ഡ്രൈവര്‍ ആയിരുന്നത്രേ. ഡിഎംകെ സര്‍ക്കാരിലെ ഗതാഗത മന്ത്രിയായിരുന്നു നെഹ്രു.
തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയില്‍ വച്ച് തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. കാര്‍ ഒരു കണ്ടെയ്നര്‍ ലോറിയെ മറികടക്കുന്നതിനിടയില്‍ ലോറി പെട്ടെന്ന് വലത്തോട്ട് വെട്ടിക്കുകയായിരുന്നു എന്നാണ് ഡ്രൈവറുടെ മൊഴി. ലോറി ഡ്രൈവര്‍ അപകടം നടന്ന ഉടന്‍ ഓടി രക്ഷപെട്ടു.
മുന്‍ സീറ്റില്‍ ഇരുന്ന മന്ത്രി അപകടത്തില്‍ മരിച്ചു എങ്കിലും ഡ്രൈവര്‍ക്ക് കാര്യമായ പരുക്കൊന്നുമില്ല. പിച്ചൈയുടെ കാറിനു പിന്നാലെ മറ്റൊരു കാറില്‍ വന്ന മന്ത്രി ശിവപതിയാണ് അപകടവിവരം ചെന്നൈയില്‍ വിളിച്ചറിയിച്ചത്.
മന്ത്രിക്ക് വേണ്ടത്ര പൊലീസ് അകമ്പടി ഇല്ലായിരുന്നു എന്നും ഉള്ളവര്‍ മന്ത്രി വാഹനത്തിന് വളരെ മുന്നിലായിരുന്നു എന്നും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. എന്തായാലും, മന്ത്രിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം വ്യാപകമായി ഉയരുന്ന സാഹചര്യത്തില്‍ അടിയന്തിര അന്വേഷണത്തിന് ജയലളിത ഉത്തരവിട്ടിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല