1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2011

കഷ്ട്ടകാലന്‍

കഷ്ട്ടകാലന്‍ ആദ്യമായി കോട്ടിടുന്നത് കഷ്ട്ടകാലത്തിയുമായുള്ള കല്യാണത്തിനാണ്.ചന്ദന നിറത്തിലുള്ള ഷര്‍ട്ടും കോടിമുണ്ടും ഉടുത്ത് കല്യാണം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഈയുള്ളവന്‍ കോട്ടിട്ട് കെട്ടിയതിന് പിന്നില്‍ ഒരു കഥ തന്നെയുണ്ട്.നാലാം ക്ലാസും ഗുസ്തിയുമായി നാട്ടിലൂടെ ഓട്ടോറിക്ഷ ഓടിച്ചു നടക്കുന്ന കാലത്തായിരുന്നു നഴ്സായ കഷ്ട്ടകാലത്തിയെ കണ്ണും കയ്യും കാണിച്ച്
വളച്ചത്.അല്ലറ ചില്ലറ ചുറ്റിക്കളികളുമായി ജീവിച്ചുപോകുമ്പോഴാണ് ചക്കയിട്ടു മുയല്‍ ചത്തത് പോലെ എന്‍റെ പ്രിയപ്പെട്ടവളെ യു കെ മാടി വിളിച്ചത്.

കോട്ടയംകാരന്‍ എജെന്റ്റ്‌ മിടുക്കനായതുകൊണ്ട് ഒരു മാസത്തിനുള്ളില്‍ വിസ കിട്ടി.യു കെയില്‍ ആരെങ്കിലും മാടി വിളിച്ചാല്‍ മനസ് മാറുന്ന തനിസ്വഭാവം അറിയാവുന്നതു കൊണ്ട് ഒരുറപ്പിന് വീട്ടുകാര്‍ അറിയാതെ അങ്ങാടിയിലെ രെജിസ്റ്റര്‍ കച്ചേരിയില്‍ കയറ്റി കല്യാണ രെജിസ്റ്ററില്‍ ഒപ്പിട്ടിട്ട് വാങ്ങിയതിനു ശേഷമാണ് ഞാന്‍ കഷ്ട്ടകാലത്തിയെ യാത്രയാക്കിയത്.അതിനു മുന്‍പത്തെ വര്‍ഷം തേരാ പാരാ നടന്ന പല തരുണികളും യു കെയില്‍ പോയി വന്നതിനു ശേഷം എഞ്ചിനീയര്‍മാരെയും എം ബി എ ക്കാരെയും ,സി എ ക്കാരെയും മാത്രം മതിയെന്ന നിലപാട് പത്രത്തിലെ കല്യാണപ്പരസ്യത്തിലൂടെ വ്യക്തമാക്കിയതും ഈ കടുംകൈ ചെയ്യിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി.

എന്തായാലും ആദ്യ അവധിക്ക് തന്നെ ഈയുള്ളവനെ മംഗലം ചെയ്യാന്‍ എന്‍റെ പ്രിയതമ തയ്യാറായി. എഞ്ചിനീയര്‍മാരെയും എം ബി എ ക്കാരെയും ,സി എ ക്കാരെയും (അവര്‍ യു കെയില്‍ എന്താണ് ചെയ്യുന്നതെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു ) കെട്ടിയ കൂട്ടുകാര്‍ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ കഷ്ട്ടകാലത്തി എനിക്കു മുന്‍പില്‍ വച്ച ഏക ഡിമാന്‍ഡ് ആയിരുന്നു കല്യാണത്തിന് കോട്ടിടണമെന്നത്.ഉള്ളതു പറയാമല്ലോ…അവള്‍ തന്നെ അത് വാങ്ങിത്തരുകയും ചെയ്തു.അങ്ങിനെ ആദ്യമായി കല്യാണത്തിന് ഇട്ട കോട്ട് ധരിച്ചാണ് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഈയുള്ളവന്‍ ബിമാനമിറങ്ങിയത്.

ദൈവം സഹായിച്ച് പിനീടിത് വരെ ആ കോട്ടിടാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. തെക്കോട്ട് എടുക്കുമ്പോള്‍ ഇടാന്‍ വേണ്ടി ചുളിവോന്നും വീഴാതിരിക്കാന്‍ ഹാങ്ങറില്‍ തൂക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു.അങ്ങിനെയിരിക്കുമ്പോഴാണ് യുക്മ രാജകുമാരന്മാര്‍ കോട്ടിട്ടതിനെതിരെ കോട്ടയംകാരന്‍ ഒറ്റമുണ്ടു ശശാങ്കന്‍ മഹാരാജാവ്‌ കോട്ടുവിലക്ക് വിളംബരമിറക്കിയത്.കേട്ടപാതി കേള്‍ക്കാത്ത പാതി മഹാരാജാവിന്‍റെ കടുത്ത ആരാധികയായ കഷ്ട്ടകാലത്തി സാധനം ചുരുട്ടിക്കൂട്ടി
പെട്ടിയുടെ മൂലയില്‍ തള്ളി.

ഇതൊക്കെയാണെങ്കിലും അവസാനകാലം തേച്ചുമിനുക്കി ഉപയോഗിക്കാം എന്നൊരു ശുഭപ്രതീക്ഷ കഷ്ട്ടകാലനുണ്ടായിരുന്നു.അങ്ങിനെ ആശ്വസിച്ചിരിക്കുമ്പോഴാണ് ഗിവ് എ കോട്ട് സേവ് എ ലൈഫ്‌ എന്ന പദ്ധതിയുമായി മച്ചാന്മാര്‍ വന്നത്.
നാട്ടില്‍ പോയാല്‍ ഓട്ടോ ഓടിക്കാം ..ഇവിടാണെങ്കില്‍ കമ്പനിപ്പണി ചെയ്യാം ..നിങ്ങക്കെതിനാ കോട്ട് എന്ന് ചോദിച്ചുകൊണ്ട് സ്വന്തം ഭാര്യ കോട്ടെടുത്ത് പിരിവുകാര്‍ക്ക് വീശി.കൂടുതല്‍ ഉടക്കിയാല്‍ കോട്ടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം ഉണ്ടാകുമെന്നതിനാലും ഒറ്റമുണ്ടു മഹാരാജാവിന്‍റെ കോട്ടുവിലക്ക് വിളംബരം പ്രാബല്യത്തില്‍ ഉണ്ടെന്നതിനാലും ഞാന്‍ പഞ്ചപുച്ഛമടക്കി കൈ പുറകോട്ടു കെട്ടി നിന്നു.

അങ്ങിനെ എന്‍റെ എല്ലാമെല്ലാമായ കോട്ട് നഷ്ട്ടപ്പെട്ടതിന്‍റെ വിഷമത്തില്‍ നിന്നും പതുക്കെ കരകയറുമ്പോള്‍ ആയിരുന്നു …ഇക്കഴിഞ്ഞ പത്താം തീയതി ഹീത്രൂ എയര്‍പോര്‍ട്ടില്‍ എന്‍റെ കോട്ടിനെ കണ്ടു മുട്ടുന്നത്.ധരിച്ചിരിക്കുന്നതാകട്ടെ കോട്ടുവിലക്ക് വിളംബരം നടപ്പിലാക്കിയ ശശാങ്കന്‍ മഹാരാജാവും.രാജാവിനോടുള്ള ഭയഭക്തി ബഹുമാനം കൊണ്ടും അദ്ദേഹത്തിന്‍റെ കൂടെയുള്ള കോട്ടുധാരികളെ പേടിയായതുകൊണ്ടും അടിയന്‍ യാതൊന്നും ഉരിയാടിയില്ല.

പിന്നീട് ശശാങ്കന്‍ മഹാരാജാവിനെ കാണുന്നത് സ്വിന്ടനില്‍ വച്ചാണ്.ദോഷം പറയരുതല്ലോ ..അവിടുന്ന് ശുഭവസ്ത്രധാരിയായി ഒറ്റമുണ്ടുടുത്തു സുന്ദരനായാണ് വന്നത്.കഴിഞ്ഞ ദിവസം എന്‍റെ കോട്ടിനെ കണ്ടത് സ്വപ്നമായിരിക്കും എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ശശാങ്കന്‍ മഹാരാജാവിന്‍റെ ഇടവും വലവും
കോട്ടുധാരികളായ അദ്ദേഹത്തിന്‍റെ വീരന്മാരായ പടയാളികള്‍ അണിനിരന്നത്.അതിലൊരാളുടെ കോട്ട് എവിടെയോ കണ്ടു മറന്ന പോലെ…..എന്തായാലും കോട്ടുവിലക്ക് വിളംബരം പിന്‍വലിച്ച വിവരം കഷ്ട്ടകാലനെ അറിയിക്കാതെ പടയാളികളെ കോട്ടണിയിച്ച കോട്ടയംകാരന്‍ ഒറ്റമുണ്ടു ശശാങ്കന്‍ മഹാരാജാവിനോട് ഈയുള്ളവന് ഒന്നേ ചോദിക്കാനുള്ളൂ… മുണ്ടുണ്ടോ സഖാവേ ഒരു കോട്ടെടുക്കാന്‍ ?

വാല്‍ക്കഷണം

ചൂടുള്ള വാര്‍ത്ത : ലിംകയില്‍ ഈച്ച,കമ്പനിക്കെതിരെ നടപടി.( ഈച്ചയെ ആരോ മനപൂര്‍വം ഇട്ടതാണെന്നാണ് നാട്ടു വര്‍ത്തമാനം.ഇങ്ങനെ ഈച്ചയെ ഇടുന്നത് ഇയാളുടെ ഒരു വിനോദമാണെന്നും പറഞ്ഞു കേള്‍ക്കുന്നു. നിയമപ്രകാരമുള്ള മുന്നറിയിപ്പ് : സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ……ലിമക്കാരന് അനുഭവം ഗുരു !)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.