ലണ്ടന്‍: ഹൃദയാഘാതവും, പക്ഷാഘാതവും ഉണ്ടാവാനുള്ള സാധ്യത പകുതിയായി കുറയ്ക്കുമെന്നവകാശപ്പെടുന്ന ഗുളിക ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രതീക്ഷയേകുന്നു. ദിവസം ഒരു തവണ കഴിക്കേണ്ട ഈ ഗുളിക ക്യാന്‍സറിനെയും പ്രതിരോധിക്കുമെന്നാണ് അവകാശവാദം.
ആസ്പിരിന്‍, സ്റ്റെയ്ന്, രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍, എന്നിവ അടങ്ങിയിരിക്കുന്ന പോളിപില്ലിന് വിലയും കുറവാണ്. ഒരു ദിവസത്തേക്കുള്ള ഗുളികയ്ക്ക് 13പെന്‍സ് മാത്രമേയുള്ളൂ.
ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് യു.കെയിലെ മിക്ക മരണങ്ങള്‍ക്കും പിന്നില്‍. ഹൃദ്രോഗം കാരണം വര്‍ഷം 200,000 ജീവിനകളാണ് പൊഴിയുന്നത്. ശരീയായ ജീവിതരീതി പിന്തുടരുന്നതിലൂടെ ഹൃദയസംബന്ധമായ രോഗങ്ങള്‍ അകറ്റാമെങ്കിലും ചില ഘട്ടങ്ങളില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സ്റ്റെയിന്‍സും, രക്തസമ്മര്‍ദ്ദം സാധാരണനിലയിലാക്കാനുള്ള മരുന്നുകളും ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കാറുണ്ട്. ചിലര്‍ക്ക് രക്തം നേര്‍ത്തതാക്കാന്‍ ആസ്പിരിനും, ജലം പുറത്തുപോകാതാവുന്നത് തടയാന്‍ ഡൈയൂറെറ്റിക്കുകളും കുറിച്ചുനല്‍കാറുണ്ട്. എന്നാല്‍ ഈ നാല് ഗുളികകള്‍ എല്ലാ ദിവസവും കഴിക്കുക എന്ന രോഗികളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇതിനു പകരമായി പോളിപില്‍ ഉപയോഗിക്കാമെന്നാണ് അന്തര്‍ദേശീയതലത്തില്‍ നടന്ന പഠനം സൂചിപ്പിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ പോളിപില്‍ കടകളിലെത്തും.
നമ്മുടെ വിജ്ഞാനമണ്ഡലത്തിലും ഹൃദ്രോഗ സാധ്യതയുണ്ടാക്കുന്ന രോഗങ്ങളുടെ കൈകാര്യചെയ്യുന്ന കാര്യത്തിലും നാം മാറ്റമുണ്ടാക്കണമെന്ന് പഠനത്തിന് നേതൃത്വം നല്കിയ സിഡ്നിയിലെ ജോര്‍ജ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്‍ അന്തോണി റോഡ്ഗേര്‍സ് പറയുന്നു. പോളിപില്‍ കുറേക്കാലം കഴിക്കുന്ന രോഗികളില്‍ ഹൃദയസംബന്ധമായ രോഗങ്ങളും പക്ഷാഘാതവും ഉണ്ടാവാനുള്ള സാധ്യത പകുതിയായി കുറയും. ഇതിനു പുറമേ ഈ ഗുളിക കോളന്‍ ക്യാന്‍സര്‍ കാരണം മരിക്കുന്നവരുടെ എണ്ണം 25%മുതല്‍ 50% വരെ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകമൊട്ടുക്കുമുള്ള 378 രോഗികളിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനവിധേയമാക്കിയവരില്‍ പകുതിപേര്‍ക്ക് മൂന്നുമാസം പോളിപില്‍ നല്കിയപ്പോള് മറ്റുള്ളവര്‍ക്ക് സാധാരണ ഗുളികകളും നല്കി. 12 ആഴ്ചകള്‍ക്കുശേഷം പോളിപില്‍ കഴിച്ചവരില്‍ രക്തസമ്മര്‍ദ്ദവും, കൊളസ്ട്രോള്‍ ലെവലും കുറഞ്ഞതായി കണ്ടെത്തി. എന്നാല്‍ ഇതിലെ ഘടനകളിലൊന്നായ ആസ്പിരിന്‍ ചിലരില്‍ ആന്തരിക രക്തസമ്മര്‍ദ്ദത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. 20 ല്‍ ഒരാള്‍ക്ക് ഈ പ്രശ്നമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് പേടിക്കാനില്ലെന്നും മരുന്നുകൊണ്ട് മാറ്റാന്‍ കഴിയുന്നതാണെന്നും പഠനം നടത്തിയവര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല