ന്യൂയോര്‍ക്ക്: ഫുട്ബോള്‍ ലോകത്ത് പ്രവചനങ്ങള്‍ കൊണ്ട് ആവേശം തീര്‍ത്ത നീരാളികളുടെ കാലം അവസാനിക്കുന്നില്ല. വെബ്ലിയില്‍ നടക്കാനിരിക്കുന്ന ക്ലാസിക് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം നേടുമെന്നാണ് ബെനാല്മദേനയിലെ ഐയ്ക്കര്‍ നീരാളി പ്രവചിച്ചിരിക്കുന്നത്.
ഇരുടീമുകളുടേയും പതാക പുതപ്പിച്ച രണ്ട് ഗ്ലാസ് സിലിണ്ടറുകളില്‍ നമ്മുടെ ഐയ്ക്കറിനുള്ള ഭക്ഷണം സജ്ജമാക്കി വെച്ചിരുന്നു. ഒടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പതാക പുതപ്പിച്ച ഗ്ലാസ് സിലിണ്ടറില്‍ നിന്നും ഐയ്ക്കര്‍ ഭക്ഷണം തിരഞ്ഞെടുക്കുകയായിരുന്നു.
എന്നാല്‍ ബാര്‍സലോണയുടെ ആരാധകര്‍ പേടിക്കേണ്ട. ഐയ്ക്കറുടെ പ്രവചനം അത്ര കൃത്യമൊന്നും ആയിരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. നേരത്തേ റയല്‍ മാഡ്രിഡ് ഫൈനലില്‍ കളിക്കുമെന്നായിരുന്നു ഈ നീരാളി പ്രവചിച്ചത്. എന്നാല്‍ ബാര്‍സയോട് ഇരുപാദങ്ങളിലുമായി തോറ്റതോടെ പ്രവചനം അസ്ഥാനത്തായി.
പസഫിക്കില്‍ നിന്നും പിടിച്ചതാണ് നമ്മുടെ ഐയ്ക്കര്‍ നീരാളിയെ. 16 കിലോഗ്രാം ഭാരമുള്ള ഐയ്ക്കര്‍ നേരത്തേ നടത്തിയ ചില പ്രവചനങ്ങള്‍ സത്യമാവുകയും ചെയ്തിരുന്നു. എന്തായാലും മണിക്കൂറുകള്‍ മാത്രം കാത്തിരുന്നാല്‍ ഐയ്ക്കറിന്റെ പ്രവചനം ഫലിക്കുമോ ഇല്ലയോ എന്നത് വ്യക്തമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല