ലണ്ടന്‍: വര്‍ഷം ഒരു മില്യണ്‍ ആളുകളാണ് മദ്യപാനത്തെതുടര്ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ആശുപത്രികളിലെത്തുന്നത് റിപ്പോര്‍ട്ട്. ആല്‍ക്കഹോള്‍ കാരണം രോഗാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം 2009-2010 കാലയളവില്‍ 12% വര്‍ധിച്ചിരിക്കുകയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞവര്‍ഷം ആശുപത്രിയിലെത്തിയവരില്‍ 1,057,000 പേര് മദ്യപാനംസംബന്ധമായ രോഗം പിടിപെട്ടവരാണെന്നാണ് എന്‍.എച്ച്.എസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറയുന്നത്. 2002-03 കാലയളവിലുണ്ടായിരുന്നതിന്റെ ഇരട്ടിയാണിത്.
ഈ കണക്ക് ഏറെ ഞെട്ടിക്കുന്നതാണെന്ന് ആല്‍ക്കഹോള്‍ കണ്‍സേണിന്റെ ചീഫ് എക്സിക്യുട്ടീവ് ഡോണ്‍ ഷേന്കര് പറയുന്നു. ആല്‍ക്കഹോള്‍ കണ്‍സേണ്‍ പോലുള്ള സംഘടനകള്‍ക്ക് ഫണ്ട് വെട്ടിക്കുറച്ച ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് നടപടിയെ അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം സംഘടനകള്‍ക്ക് ആവശ്യമായ ഫണ്ട് നല്കിയിരുന്നെങ്കില് എന്‍.എച്ച്.എസ് ഫണ്ടും ബജറ്റില്‍ നിന്നുള്ള തുകയും ഇവര്‍ക്ക് വേണ്ടി ചിലവാക്കേണ്ടിവരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ആല്‍ക്കഹോള്‍ ഡ്യൂട്ടിയും വാറ്റും കുറച്ച് മദ്യം വില്‍ക്കുന്ന നടപടി അവസാനിപ്പിക്കണം, മദ്യംകാരണമുള്ള വിപത്തിന്റെ ഉത്തരവാദികളായി ഉല്പാദകരേയും, വിതരണക്കാരേയും ഉള്‍പ്പെടുക തുടങ്ങിയ നിര്‍ദേശങ്ങള്‍ക്ക് വില കല്‍പ്പിക്കാതിരുന്നതാണ് ഈ പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്നും ഷേന്കര് പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാന പൊതുജനാരോഗ്യ പ്രശ്നങ്ങളിലൊന്നാണ് മദ്യം. എന്നാല്‍ ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നത് ദുഃഖകരമാണ്. ഇപ്പോഴുള്ള സ്ഥിതിയില്‍ പോകുകയാണെങ്കില്‍ 2015ല്‍ ആല്‍ക്കഹോള്‍ കാരണം രോഗം പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 1.5മില്യണാകും. ഇത് എന്‍.എച്ച്.എസിന്റെ വാര്‍ഷിക ചിലവില്‍ 3.7ബില്യണിന്റെ വര്ധവുണ്ടാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ കാലയളവില്‍ മദ്യപിക്കുന്നവരുടെ എണ്ണം കുറയുകയാണുണ്ടായതെന്നും, വര്‍ഷങ്ങള്‍ക്കു മുമ്പു മദ്യപിച്ചതിനെക്കാള് വളരെക്കുറവ് മാത്രമേ ഇപ്പോള്‍ ബ്രിട്ടീഷുകാര്‍ മദ്യപിക്കുന്നുള്ളൂ എന്നുമാണ് മദ്യവ്യവസായികള്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല