ചെന്നൈ, ബാംഗ്ളൂര്‍ ടീമുകള്‍ തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ ഇന്ന്. ഏപില്‍ 8 മുതല്‍ ഇന്ത്യയില്‍ തകര്‍ത്താടിയ കുട്ടിക്രിക്കറ്റിന്റെ മഹോത്സവത്തിനാണ് ഇന്ന് കൊടിയിറങ്ങുക. മാറിയും മറിഞ്ഞും സാദ്ധ്യതകല്‍ തലപൊക്കിയ ടീമുകള്‍ ഏല്ലാം തന്നെ രണ്ടായി ചുരുങ്ങി. നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈ കിരീടം നിലനിര്‍ത്തുമോ എന്നതാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. ഫൈനല്‍ സ്വന്തം തട്ടകത്തിലായത് ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഗുണം ചെയ്തേക്കും.ക്രിസ് ഗെയ്ല് തന്നെയായിരിക്കും ബാംഗ്ളൂര്‍ ടീമിന്റെ തുറുപ്പുചീട്ട്.ഒരര്‍ത്ഥത്തില്‍ ധോണിയും ക്രിസ് ഗെയ്ലും തമ്മിലുള്ള പോരാട്ടമായി ഈ കളിയെ വിശേഷിപ്പിക്കാം.യു കെ സമയം ഉച്ച കഴിഞ്ഞ് രണ്ടര മുതല്‍ ITV 4 -ല്‍ കളി തത്സമയം കാണാം.
ഇന്നലെ നടന്ന കളിയില്‍ മുംബൈ ഇന്ത്യന്‍സിനെ 43 റണ്‍സിന് തകര്‍ത്താണ് ബാംഗ്ളൂര്‍ ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടിയത്.ഈ സീസണില്‍ ആദ്യം മുതല്‍ മികച് പ്രകടനം നടത്തി മുന്നേറിയ സച്ചിന്റെ മുംബൈ ടീം ക്രിസ് ഗെയ്ല് എന്ന കൊടുങ്കാറ്റിനു മുന്നിലാണ് അടി പതറിയത്.47 പന്തില്‍ ഒമ്പത് ഫോറും അഞ്ച് സിക്സുമുതിര്ത്ത് 89 റണ്‍സ് നേടി ഗെയ്ല് തകര്‍ത്താടിയപ്പോള്‍ ഐ.പി.എല്ലില്‍ രണ്ടാം ഫൈനലിസ്റ്റിനെ നിര്‍ണയിക്കാനുള്ള യോഗ്യതാ മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റിന് 185 റണ്‍സാണ് ബാംഗ്ലൂര്‍ അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍സിന് എട്ടു വിക്കറ്റിന് 142റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 24 പന്തില്‍ ഏഴു ഫോറടക്കം 40 റണ്‍സെടുത്ത സചിന് ടെണ്ടുല്കര് ഒഴികെ മറ്റാരും ചെറുത്തു നിന്നില്ല. ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറി 19 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി. ഒന്നാം വിക്കറ്റില്‍ ഗെയ്ലും മായങ്ക് അഗര്‍വാളും (31 പന്തില്‍ 41) 64 പന്തില്‍ 113 റണ്‍സ് ചേര്‍ത്ത് മിന്നുന്ന തുടക്കമാണ് ബാംഗ്ലൂരിന് നല്‍കിയത്. ഗെയ്ലാണ് കളിയിലെ കേമന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല