ലണ്ടന്‍: ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ‘അള്‍ട്ര ബാഡ് കൊളസ്ട്രോളിനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സാധാരണ കാണുന്ന കൊളസ്ട്രോളിനെക്കാള്‍ ഗുരുതരമായ ഇവ രക്തധമനികളെ ആക്രമിക്കാന്‍ സാധ്യത കൂടുതലാണ്. MG മിന് എല്‍.ഡി.എല്‍ എന്നാണ് ഈ രൂപത്തിലുള്ള കൊളസ്ട്രോളിന് നല്കിയ പേര്.
ഈ പുതിയ രൂപത്തിലുള്ള കൊളസ്ട്രോള്‍ സാധാരണമായി മുതിര്‍ന്ന ആളുകളില്‍ പ്രധാനമായും ടൈപ്പ്-2 ഡയബെറ്റിസ് രോഗികളിലാണ് കാണപ്പെടുന്നത്. വര്‍ഷത്തില്‍ ആയിരക്കണക്കിന് മരണങ്ങള് ഇത് കാരണം ഉണ്ടാവുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
യൂണിവേഴ്സിറ്റി ഓഫ് വാര്‍വിക്കിലെ ശാസ്ത്രജ്ഞര്‍മാരാണ് ഈ കൊളസ്ട്രോള്‍ കണ്ടുപിടിച്ചത്. ഈ കൊളസ്ട്രോള്‍ ധമനികളില്‍ പറ്റിപ്പിടിച്ചിരിക്കുകയാണ് ചെയ്യുക. ഇത് ഗുരുതരവും കട്ടികൂടിയതുമായി ഫാറ്റി ആവരണം ധമനികളില്‍ ഉണ്ടാവാന്‍ കാരണമാകുന്നു. ഈ ഫാറ്റി നിക്ഷേപം വര്‍ധിക്കുകയും അത് ധമനിയെ നേര്‍ത്തതാക്കുകയും, രക്തപ്രവാഹം കുറയ്ക്കുകയും ചെയ്യുന്നു. ക്രമേണ ഇവ രക്തം കട്ടപടിക്കാനിടയാക്കുകയും അതുവഴി ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യുന്നു.
മനുഷ്യശരീരത്തില്‍ കാണുന്ന MG മിന് എല്‍.ഡി.എല്‍ ലബോറട്ടറിയില്‍ പരിശോധിക്കുകയും അത് എങ്ങനെയാണ് ശരീരത്തിലെ മറ്റ് തന്മാത്രകളുമായി പ്രവര്‍ത്തിക്കുന്നതെന്നും ശാസ്ത്രജ്ഞന്മാര് പഠിക്കുകയും ചെയ്തു. സാധാരണ എല്‍.ഡി.എല്ലില്‍ അധികം ഷുഗര്‍ കൂടിച്ചേരുമ്പോഴാണ് ഈ പുതിയ കൊളസ്ട്രോളുണ്ടാവുന്നതെന്നും അവര്‍ കണ്ടെത്തി.
ഡയബറ്റിസ് കൂടുതലായി നിര്‍ദേശിക്കുന്ന മെറ്റ്ഫോമിന്‍ എങ്ങനെയാണ് ഹൃദയാഘാതം കുറയ്ക്കുന്നതെന്നും ശാസ്ത്രജ്ഞമാര്‍ അവരുടെ പഠന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. മെറ്റ്ഫോമിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും അത് വഴി എല്‍.ഡി.എല്ലില്‍ പഞ്ചസാര കൂടിച്ചേര്‍ക്കപ്പെടുന്നത് ഒഴിവാക്കുകയുമാണ് ചെയ്യുന്നത്.
വിവിധ തരം കൊളസ്ട്രോളുകളെക്കുറിച്ച് മനസിലാക്കാനും, അതുവഴി ഹൃദ് രോഗത്തെയും ഡയബറ്റിസിനെയും തടയാവുന്ന നിര്‍ദേശം നല്‍കാനും ഈ പഠനം സഹായിച്ചെന്ന് പഠനത്തിന് നേതൃത്വം നല്കിയ നൈല റബാനി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല