പാരിസ്: ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്ര് മുഹമ്മദ് ബിന്‍ ഹമാം . അഴിമതി വിവാദവുമായി ബന്ധപ്പെട്ട് ഫിഫ എത്തിക്സ് കമ്മിറ്റിയുടെ സുറിച്ചിലുള്ള ഹെഡ്ക്വാട്ടേഴ്സില്‍ വിചാരണ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് ഹമാം തന്റെ തീരുമാനം അറിയിച്ചത്. ഫിഫയുടെ കരീബിയന്‍ മേധാവി തിരഞ്ഞെടുപ്പിനിടയില്‍ കരീബിയന്‍ ഉദ്യോഗസ്ഥരെ ചാക്കിലാക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് അദ്ദേഹം വിചാരണ നേരിടുന്നത്.
ഫിഫ പ്രസിഡന്റ് സ്റ്റെപ് ബ്ലറ്ററിനെതിരെയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ ആരോപണങ്ങളുടെ വെളിച്ചത്തില്‍ ബുധനാഴ്ച നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ബ്ലാറ്റര്‍ക്ക് നിര്‍ദേശം നല്‍കാനുള്ള അധികാരം എത്തിക്സ് കമ്മിറ്റിക്കുണ്ട്. എന്നാല്‍ ഹമാമിന്റെ പിന്‍വാങ്ങല്‍ ബ്ലാറ്ററിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുന്നതിലേക്കാവും വഴിവയ്ക്കുക.
അടുത്തിടെയുണ്ടായ ആരോപണങ്ങള്‍ തന്നെ വ്യക്തിപരമായും പ്രൊഫഷണലായും ഏറെ നിരാശനാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപനം അറിയിച്ചുകൊണ്ട് ഹമാം പറഞ്ഞു. ‘എന്റെ വിശ്വാസങ്ങളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ അത് ഫിഫയുടെ സല്‍പേരിന് ഏറെ കളങ്കമുണ്ടാക്കുമെന്നതിനാലാണ് തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.’
‘രണ്ട് വ്യക്തികള്‍ തമ്മിലുള്ള മത്സരത്തിനിടയില്‍ ഞാനിഷ്ടപ്പെടുന്ന പലരുടേയും പേര് വലിച്ചിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കളിയും കളിയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങളുമാണ് ജയിക്കേണ്ടത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം ഞാന്‍ പ്രഖ്യാപിക്കുന്നു.’ അദ്ദേഹം തന്റെ വെബ്സൈറ്റില്‍ രേഖപ്പെടുത്തി.
2022 ലെ ലോകകപ്പ് വേദിയായി ഖത്തറിനെ തീരുമാനിക്കാനിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന നിലയ്ക്കാണ് ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹമാമിന് അവസരമൊത്തുവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല