സൂറിച്ച്: ലോകഫുട്ബോള്‍ സംഘടനയായ ഫിഫയുടെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതിന് എക്സിക്യൂട്ടിവ് അംഗങ്ങളായ മുഹമ്മദ് ബിന്‍ ഹമ്മാമിനേയും വൈസ് പ്രസിഡന്റ് ജാക്ക് വാര്‍ണറെയും സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ നിലവിലെ പ്രസിഡന്റ് സെപ് ബ്ലാറ്ററെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.
മൂവര്ക്കുമെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച ഫിഫയുടെ എത്തിക്സ് കമ്മറ്റിയാണ് നിര്‍ണായക തീരുമാനമെടുത്തത്. നേരത്തേ ജൂണ്‍ ഒന്നിന് നടക്കുന്ന ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഹമ്മാം വ്യക്തമാക്കിയിരുന്നു. ഇതിനായി മറ്റംഗങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമവും അദ്ദേഹം ആരംഭിച്ചിരുന്നു. എന്നാല്‍ ഹമ്മാം പുറത്തായതോടെ ബ്ലാറ്റര്‍ തന്നെ വീണ്ടും സംഘടനയുടെ തലപ്പത്തെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ അനുകൂലവോട്ടുചെയ്യാനായി ഹമ്മാമും വാര്‍ണറും മറ്റുള്ളവര്‍ക്ക് കോഴ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണമുണ്ടായിരുന്നത്.
അടുത്തിടെയുണ്ടായ ആരോപണങ്ങള്‍ തന്നെ വ്യക്തിപരമായും പ്രൊഫഷണലായും ഏറെ നിരാശനാക്കിയിട്ടുണ്ടെന്ന് ഹമാം പറഞ്ഞു. ‘എന്റെ വിശ്വാസങ്ങളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ അത് ഫിഫയുടെ സല്‍പേരിന് ഏറെ കളങ്കമുണ്ടാക്കുമെന്നതിനാലാണ് തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.’
‘രണ്ട് വ്യക്തികള്‍ തമ്മിലുള്ള മത്സരത്തിനിടയില്‍ ഞാനിഷ്ടപ്പെടുന്ന പലരുടേയും പേര് വലിച്ചിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കളിയും കളിയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങളുമാണ് ജയിക്കേണ്ടത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം ഞാന്‍ പ്രഖ്യാപിക്കുന്നു.’ അദ്ദേഹം തന്റെ വെബ്സൈറ്റില്‍ രേഖപ്പെടുത്തി.
2022 ലെ ലോകകപ്പ് വേദിയായി ഖത്തറിനെ തീരുമാനിക്കാനിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന നിലയ്ക്കാണ് ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹമാമിന് അവസരമൊത്തുവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല