ക്രിസ്ത്യൻ പള്ളികൾക്കുനേരെ കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നുവരുന്ന ആക്രമണങ്ങളെകുറിച്ച് ആരാഞ്ഞുകൊണ്ട് കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ഡൽഹി സർക്കാരിന് നോട്ടീസയച്ചു. നാല് ആഴ്ചകൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കുനേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കയ്യേറ്റവും സമൂഹത്തിന്റെ മതനിരപേക്ഷകത തകർക്കുന്നതുമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇത്തരം സാമൂഹ്യ വിരുദ്ധ കൃത്യങ്ങൾ തടയാനായി സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വർഷം ജനുവരി 14 ന് പടിഞ്ഞാറൻ ഡൽഹിയിലെ വികാസ് പുരിയിലുള്ള അവർ ലേഡി ഓഫ് ഗ്രേസസ് പള്ളിയിൽ സാമൂഹ്യവിരുദ്ധർ കേടുപാടുകൾ വരുത്തിയിരുന്നു. ഡൽഹിയിലും പരിസരപ്രദേശങ്ങളിലുള്ള മറ്റു ചില പള്ളികളിലും സമാനമായ സംഭവങ്ങൾ ആവർത്തിച്ചു.
പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. സമൂഹത്തിന്റെ സമാധാനാന്തരീക്ഷത്തെ ബാധിക്കുന്ന കാര്യമായതിനാൽ കുറ്റക്കാരെ എത്രയും വേഗം നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് കമ്മീഷൻ ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല