പന്ത്രണ്ടാം വയസിൽ വൃക്കകൾക്ക് രോഗം ബാധിക്കുമ്പോൾ റിസക്ക് അറിയുമായിരുന്നില്ല വരാനിരിക്കുന്നത് ഡയാലിസിസിന്റേയും വേദനയുടേയും രണ്ടു വർഷങ്ങളാണെന്ന്. ഒടുവിൽ മറ്റൊരു മലയാളി മനസിന്റെ സ്നേഹ സ്പർശംകൊണ്ട് റിസ രണ്ടാം ജന്മത്തിലേക്ക് നടന്നുകയറി.
ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി റോമിയുടേയും സൂസന്റേയും മകളാണ് റിസ. വൃക്കകളുടെ പ്രവർത്തനം ദുർബലമായപ്പോൾ തന്നെ സതാംപ്ടണിലുള്ള ആശുപത്രിയിൽ ചികിൽസ തുടങ്ങി. എന്നാൽ അധികം വൈകാതെ തന്നെ വൃക്കകൾ നീക്കം ചെയ്യേണ്ട സ്ഥിതിയിലെത്തുകയായിരുന്നു. കൂടെ ഡയാലിസിസും ആവശ്യമായി വന്നു.
പ്രമേഹരോഗിയായ അച്ഛ്ൻ റോമിക്കോ ജന്മനാ ഒരു വൃക്ക മാത്രമുള്ള അമ്മ സൂസനോ വൃക്ക ദാനം ചെയ്യാൻ കഴിയുമായിരുന്നില്ല. ഒടുവിൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മലും, ഡോ. അജിമോൾ പ്രദീപും റിസയുടെ രക്ഷക്കെത്തുകയായിരുന്നു. അങ്ങനെയാണ് വൃക്ക നൽകാൻ തയ്യാറുള്ള സിബിയെ കണ്ടെത്തുന്നത്. ഡർഹാം കൗണ്ടി കൗൻസിലിൽ സോഷ്യൽ വർക്കറാണ് കാസർകോടുകാരനായ സിബി.
വൃക്ക വിജയകരമായി മാറ്റിവച്ച റിസ കഴിഞ്ഞ ദിവസം പതിനഞ്ചാം പിറന്നാൾ ആഘോഷിച്ചു. നീരു വന്ന വീർത്ത ശരീരത്തിന്റേയും നാലു മണിക്കൂർ നീണ്ട ഡയാലിസിസിനിടയിൽ ചെയ്തു തീർത്ത ഹോംവർക്കുകളുടേയും ഓർമ്മകൾ മറക്കാൻ ശ്രമിക്കുകയാണ് റിസ. ഒപ്പം സിബിയുടെ നല്ല മനസിന് നന്ദി പറയുകയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല