വിവിധ സ്വിസ് അക്കൗണ്ടുകളിലായി ഇന്ത്യാക്കാർ നിക്ഷേപിച്ചിട്ടുള്ള കള്ളപണത്തെക്കുറിച്ച് തുറന്ന ചർച്ചക്ക് തയ്യാറാണെന്ന് സ്വിറ്റ്സർലൻഡ് അറിയിച്ചു. ഇരുരാജ്യങ്ങളുടേയും ധനമന്ത്രിമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്.
ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കു മുന്നോടിയായാണ് ധനമന്ത്രി അരുൺ ജയറ്റ്ലിയും സ്വിസ് ധനമന്ത്രി എവ്ലിൻ വിഡ്മർ സ്ക്ലംഫും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ ധനമന്ത്രിമാർ വെളിപ്പെടുത്തിയില്ല.
സഹകരണത്തിന്റെ ആദ്യപടിയായി കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് ഇന്ത്യയുടെ പക്കലുള്ള വിവരങ്ങൾ സ്വിസ് സർക്കാരിനു കൈമാറും. ഇന്ത്യയിലെ വിദേശ നിക്ഷേപം വർധിപ്പിക്കുന്നതിനായുള്ള ഉഭയകഷി ചർച്ചകൾക്കാണ് ധനമന്ത്രി സ്വിറ്റ്സർലൻഡിൽ എത്തിയത്.
മോഡി സർക്കാരിന്റെ പ്രധാന തെരെഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു വിദേശത്തെ കള്ളപണം തിരിച്ചു കൊണ്ടുവരുമെന്നത്. എന്നാൽ അതിനുവേണ്ടിയുള്ള സർക്കാരിന്റെ ശ്രമങ്ങളെല്ലാം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സ്വിറ്റ്സർലൻഡിന്റെ ഉറപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല