ബാർ അസോസിയേഷൻ നേതാവ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകൾ കേസിന്റെ താളം തെറ്റിക്കുന്നതായി സർക്കാർ. മന്ത്രി മാണീക്കെതിരെ ബിജു ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത് അന്വേഷണം വൈകിപ്പിക്കുന്നു എന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
കേസിൽ സി.ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് ആർ. എസ്. പി. (ബോൾഷെവിക്) എ. വി. താമരാക്ഷൻ നൽകിയ ഹർജിയിൽമേൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് വാദം കേൾക്കുമ്പോഴായിരുന്നു സർക്കാരിന്റെ പരാമർശം. അന്വേഷണം തുടങ്ങി രണ്ടാഴ്ച ആയതല്ലേ ഉള്ളുവെന്നും സി. ബി. ഐ. അന്വേഷണത്തിന് അതു മതിയോ എന്നും കോടതി ചോദിച്ചു.
ബിജു ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നതു കൂടാതെ അവ ചില ബാർ ഉടമകൾ നിഷേധിച്ചിട്ടുമുണ്ടെന്ന് എജി കോടതിയിൽ ബോധിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്ന വാർത്തയിൽ കഴമ്പില്ല. അദ്ദേഹത്തിന് മറ്റു മൂന്നു പേർക്കൊപ്പം സ്ഥാനക്കയറ്റം നൽകിയെന്നത് ശരിയാണ്. ശുപാർശ കേന്ദ്രത്തിന് അയച്ചുകൊടുത്തിട്ടുണ്ട്.
എന്നാൽ മന്ത്രി കെ. എം. മാണിയുടെ വീട്ടിൽ റെയ്ഡ് നടത്തിയില്ലെന്ന് ഹർജി ഭാഗം വക്കീൽ എ. എക്സ്. വർഗീസ് ആരോപിച്ചു. കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ കോടതി ഇടപെടാൻ മടിക്കരുതെന്നും ഹർജി ഭാഗം വാദിച്ചു. എന്നാൽ അന്വേഷണത്തിൽ അപാകത ഉണ്ടെങ്കിൽ മാത്രമേ സി. ബി.ഐ. അന്വേഷണം പരിഗണിക്കേണ്ടതുള്ളു എന്നായിരുന്നു കോടതിയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല