കിഴക്കൻ ഉക്രൈനിൽ നടന്നുവരുന്ന സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണാൻ യൂറോപ്യൻ യൂണിയൻ റഷ്യയോടും ഉക്രൈനോടും ആവശ്യപ്പെട്ടു.റഷ്യയോട് ചേർന്നു കിടക്കുന്ന ഉക്രൈനിന്റെ കിഴക്കൻ പ്രദേശങ്ങളിൽ സമീപകാലത്തായി വർധിച്ചുവരുന്ന ഏറ്റുമുട്ടലുകൾ സാധാരണക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയാണ്.
ആക്രമണങ്ങൾക്ക് കാരണക്കാരായിട്ടുള്ളവർ ഒരു രാഷ്ട്രീയ പരിഹാരത്തിനുള്ള ഉത്തരവാദിത്തം കാണിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആഹ്വാനം ചെയ്തു. വൻകിട നശീകരണ ആയുധങ്ങൾ അടിയന്തിരമായി നീക്കം ചെയ്യുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള നിയന്ത്രണരേഖ കർശനമായി പിന്തുടരുകയും വേണം.
സാധാരണ ജനങ്ങളുടെമേൽ വർധിച്ചു വരുന്ന ആക്രമണങ്ങളോടൊപ്പം തന്നെ ആശങ്കയുണർത്തുന്നതാണ് സൈനികരുടെ മരണസംഖ്യയിൽ ഉണ്ടാകുന്ന വർധനവ്. പരസ്പരമുള്ള ശത്രുതാ മനോഭാവം മാറ്റിവച്ച് ഇരു രാജ്യങ്ങളും ഒന്നിച്ചിരുന്നാൽ മാത്രമേ ഈ അവസ്ഥക്ക് മാറ്റം വരുകയുള്ളുവെന്ന് യൂണിയൻ നിരീക്ഷിച്ചു.
2014 ൽ ക്രിമിയയുടെ മേലുള്ള അവകാശത്തർക്കമാണ് റഷ്യക്കും ഉക്രൈനും ഇടക്കുള്ള ബന്ധത്തിൽ കല്ലുകടിയായത്. റഷ്യൻ സൈനികർ ക്രീമിയയിൽ പ്രവേശിച്ചതോടെ പ്രശ്നം സായുധ പോരാട്ടത്തിലേക്ക് നീങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല