കോട്ടയത്തെ പാലാ പോസ്റ്റ് ഓഫീസ് ജീവനക്കാർ തലയിൽ കൈവച്ചിരിക്കുകയാണ്. മൂന്നു ദിവസം കൊണ്ട് പതിനായിരം രൂപയുടെ മണി ഓർഡറുകളാണ് ഓഫീസിലെത്തിയത്.
എന്നാൽ പോസ്റ്റ് ഓഫീസ് ജീവനക്കാരെ കുഴക്കുന്നത് മേൽവിലാസക്കാരൻ മണിഓർഡറുകൾ സ്വീകരിക്കാൻ വിസമ്മതിക്കുന്നതാണ്. സംസ്ഥാന ധനമന്ത്രിയായ കെ. എം. മാണിയെത്തേടിയാണ് മണി ഓർഡറുകൾ പ്രവഹിക്കുന്നത്.
ബാർ കോഴയിൽ കുടുങ്ങിയ മാണിക്കെതിരെ പ്രതിഷേധിക്കാൻ ചിലർ ഫേസ്ബുക്കിൽ തുടങ്ങിവച്ച എന്റെ വക തരംഗമാണ് പിന്നീട് ഹിറ്റായത്. ബാർ അഴിമതിക്കേസിൽ ഓരോ ദിവസവും പുതിയ വിവരങ്ങൾ പുറത്തുവന്നതോടെ മാണിയെ പരിഹസിക്കാൻ ജനങ്ങൾ എന്റെ വക എന്നു പറഞ്ഞു ചെറിയ തുകകൾ മണി ഓർഡർ അയച്ചു തുടങ്ങുകയായിരുന്നു.
മാണിയുടെ വീട്ടുവിലാസത്തിൽ വരുന്ന മണി ഓർഡറുകൾ സ്വീകരിക്കാൻ അദ്ദേഹം തയ്യാറാകാതിരുന്നപ്പോൾ ആശയക്കുഴപ്പത്തിലായത് പോസ്റ്റൽ ജീവനക്കാരാണ്. എന്നാൽ മണി ഓർഡറുകൾ അയച്ച ആളുകൾക്കുതന്നെ തിരിച്ചയക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയെന്ന് ഒരു ജീവനക്കാരൻ പറഞ്ഞു.
സംവിധായകൻ ആഷിക് അബു തന്റെ ഫേസ്ബുക്ക് പേജിൽ മാണിയെ പരിഹസിച്ച് എന്റെ വക മാണി സാറിന് 500 രൂപ എന്നിട്ടിരുന്നു. മറ്റുചിലർ ഇത് ഏറ്റുപിടിക്കുകയും എന്റെ വക എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് തുറന്ന് ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തു. അതാണ് പിന്നീട് പടർന്നുപിടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല