ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണെന്നും സ്വഭാവിക സുഹൃത്താണെന്നും പ്രസിഡന്റ് ഒബാമ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഇന്ത്യ – യുഎസ് ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയ ഒബാമയുടെ യാത്രാപരിപാടിയിലെ പ്രധാന ഇനമാണ് ഇന്ത്യ – യുഎസ് ആണവ കരാർ. ഇന്നത്തെ ചർച്ചയിൽ കരാർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങൾ ഉണ്ടായെന്ന് ഇരു നേതാക്കളും പറഞ്ഞു.
ആണവ സഹകരണത്തിൽ ഇന്ത്യയുമായി നിർണായക ധാരണയിലെത്തിയെന്ന് ഒബാമ നിരീക്ഷിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ തർക്ക വിഷയമായിരുന്ന ആണവനിലയങ്ങൾ പരിശോധിക്കുന്നതും ആണവ ബാധ്യതാ വ്യവസ്ഥകൾ സംബന്ധിച്ചും ചർച്ചയിൽ ധാരണയായതായാണ് സൂചന.
ഒബാമയുടെ സന്ദർശനം ഇന്ത്യ – യുഎസ് ബന്ധത്തിൽ വരുന്ന മാറ്റത്തിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. നല്ലൊരു തുടക്കമാണിതെന്ന് പറഞ്ഞ മോഡി ഈ തുടക്കത്തെ ദീർഘകാല ബന്ധമായി വളർത്തിയെടുക്കാനും ആഹ്വാനം ചെയ്തു.
പ്രതിരോധ മേഖലയിലെ സഹകരണം, തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം, നിക്ഷേപ സാമ്പത്തിക സഹകരണം എന്നിവയിലും ധാരണയായതായാണ് സൂചനകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല