ഗ്രീക്ക് പൊതു തെരെഞ്ഞെടുപ്പിൽ ഇടതു പാർട്ടികളുടെ സഖ്യമായ സിരിസ അധികാരം പിടിക്കുമെന്ന് ഉറപ്പായി. 75% വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ സിരിസ 149 സീറ്റുകൾ നേടി കേവല ഭൂരിപക്ഷത്തിന് രണ്ടു സീറ്റുകൾ മാത്രം പിന്നിലാണ്.
ഗ്രീക്ക് ജനത ചരിത്രമെഴുതി എന്ന് സിരിസ നേതാവ് അലക്സിസ് സിപ്രാസ് പ്രതികരിച്ചു. ഗ്രീക്കിന്റെ വിദേശ കടങ്ങളെല്ലാം പുനർപരിശോധിക്കണമെന്ന നിലപാടുകാരനാണ് സിപ്രാസ്.
ഭരണകക്ഷിയായ വലതു പാർട്ടി ന്യൂ ഡെമോക്രസി സിരിസയേക്കാൾ ഏറെ പിന്നിലാണ്. തോൽവി സമ്മതിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി അന്റോണിസ് സമരാസ് സിരിസ നേതാവ് സിപ്രാസിനെ അഭിനന്ദിച്ചു.
ഗ്രീസിൽ ഇടതുകക്ഷികൾക്കുണ്ടായ മുന്നേറ്റം യൂറോ രാജ്യങ്ങൾക്കിടയിൽ വിവിധ പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. യൂറോ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജർമ്മനിയും ബൽജിയവും ചേർന്ന് മുന്നോട്ടുവച്ച പദ്ധതിയെ ഗ്രീസ് അംഗീകരിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് യൂറോപ്പ്.
സിരിസയുടെ വിജയം മേഖലയിലെ സാമ്പത്തിക അസ്ഥിരത വർധിപ്പിക്കുകയേ ഉള്ളുവെന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂൺ പറഞ്ഞു. തിരെഞ്ഞെടുപ്പു ഫലങ്ങൾ പുറത്തു വന്നുതുടങ്ങിയതോടെ യൂറോയുടെ മൂല്യം കഴിഞ്ഞ പതിനൊന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല