ബാർ കോഴക്കേസിന്റെ മറവിൽ തനിക്കെതിരെ നടക്കുന്നത് ബ്ലാക്ക്മെയിൽ കച്ചവടമാണെന്ന് ധനമന്ത്രി കെ. എം. മാണി. ബാർ സംഘടനാ നേതാവ് ബിജു രമേശ് അന്വേഷണ സംഘത്തിനു കൈമാറിയ ശബ്ദരേഖകൾ വ്യാജരേഖയാണെന്നും മാണി ആരോപിച്ചു.
ഇത് ഗൂഡലോചനയണെന്നും അതുകൊണ്ടു തന്നെ രാജിവക്കാനില്ലെന്നും മാണി വ്യക്തമാക്കി. താനാണ് ധനമന്ത്രിയെങ്കിൽ ബജറ്റ് താൻ തന്നെ അവതരിപ്പിക്കും.
കോഴ വിവാദത്തിൽ നിശബ്ദ്നായിരുന്ന മാണി ഇതാദ്യമായാണ് ശക്തമായി പ്രതികരിക്കുന്നത്. തന്റെ 50 വർഷത്തെ നിയമസഭാ ജീവിതം തുറന്ന പുസ്തകമാണ്. മത്സരിച്ച 12 തെരെഞ്ഞെടുപ്പുകളിലും ജനം ജയിപ്പിച്ചു. അങ്ങനെയൊരാൾ പെട്ടന്നൊരു ആരോപണത്തിന്റെ പേരിൽ അഴിമതിക്കാരൻ ആകുമോയെന്ന് മാണി ആരാഞ്ഞു.
ചികിൽസക്കായി അമേരിക്കക്കു പോകുന്നു എന്നാണ് മറ്റൊരു ആരോപണം. ഒരു മുട്ടു വേദന വന്നുവെന്നത് നേരാണ്. എന്നാൽ മുട്ടുവേദനക്ക് ആരെങ്കിലും അമേരിക്കയിലേക്ക് പോകുമോ, ധന്വന്തരം കുഴമ്പ് പുരട്ടി തിരുമ്മിയാൽ പോരെയെന്ന് മാണി രോഷാകുലനായി.
മാണി രാജിവക്കണമെന്ന സമ്മർദ്ദം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് യു.ഡി. എഫ്. യോഗം ചേരും. അതിനിടെ എൻ. എസ്. എസും മാണിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല